മുംബൈ: പ്രശസ്ത ടെലിവിഷൻ റിയാലിറ്റി ഷോയായ ബിഗ് ബോസ് ഹിന്ദി പതിപ്പിൽപ്രവേശനം വാഗ്ദാനം ചെയ്ത് ഭോപ്പാൽ സ്വദേശിയായ ഡോക്ടറിൽ നിന്ന് തട്ടിയെടുത്തത്10 ലക്ഷം രൂപ. ത്വക്ക് രോഗ വിദഗ്ധനായ അഭിനീത് ഗുപ്ത എന്നയാളാണ് തട്ടിപ്പിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് അഭിനീതിന്റെ പരാതിയിൽ ഓഷിവാര പോലീസ് എഫ്ഐആർ ഫയൽ ചെയ്തു. മുംബൈയിൽ അടുത്തിടെ നടത്തിയ ഒരു പത്രസമ്മേളനത്തിലാണ് അഭിനീത് തനിക്ക് സംഭവിച്ച അബദ്ധത്തെത്തുറിച്ച് വ്യക്തമാക്കിയത്.
2022-ൽ കരൺ സിങ് എന്നൊരാൾ ബിഗ് ബോസിൽ പങ്കെടുക്കാൻ തന്നെ പ്രേരിപ്പിച്ചതായായിരുന്നു ഡോക്ടർ വെളിപ്പെടുത്തൽ. ഷോയുടെ നിർമാതാക്കളുമായി തനിക്ക് നല്ല ബന്ധമുണ്ടെന്ന് അവകാശപ്പെട്ടാണ് ഇയാൾ തന്റെയടുത്തെത്തിയത്. ഷോയ്ക്കായി ഒരു കോടി രൂപ നൽകണം എന്നാണ് കരൺ ആദ്യം എന്നോട് ആവശ്യപ്പെട്ടത്. എന്നാൽ അത്രയും പണം എന്റെ കൈവശമില്ലെന്ന് പറഞ്ഞതോടെ അയാൾ മുംബൈയിലേക്ക് തിരികെ പോയി. പിന്നാലെ, അവിടെ നിന്ന് അയാളുടെ സഹപ്രവർത്തകരോട് എന്നെക്കൊണ്ട് സംസാരിപ്പിച്ചു. തുക അവർ 60 ലക്ഷം ആക്കി കുറച്ചു.
പിന്നാലെ പണം നേരിട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് കരൺ എന്നെ മുംബൈയിലേക്ക് വിളിച്ചുവരുത്തി. തുടർന്നു എൻഡമോൾ കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റായ ഹരീഷ് ഷായുമായി ഒരു കൂടിക്കാഴ്ച ഏർപ്പാടാക്കി. അതിനുശേഷമാണ് ഞാൻ കരണിന് 10 ലക്ഷം രൂപ കൈമാറിയത്,’ അഭിനീത് തട്ടിപ്പ് വന്ന വഴി വിശദീകരിച്ചു.
തുടർന്ന് ബിഗ് ബോസ് സീസൺ 16-ലെ മത്സരാർഥികളുടെ പട്ടിക പ്രഖ്യാപിച്ചപ്പോൾ അതിൽ തന്റെ പേര് ഉണ്ടായിരുന്നില്ല. ഇതേക്കുറിച്ച് കരണിനോട് ചോദിച്ചപ്പോൾ, വൈൽഡ് കാർഡ് എൻട്രിയായി ഷോയുടെ മധ്യത്തിൽ പ്രവേശിക്കാമെന്നാണ് അയാൾ പറഞ്ഞത്. എന്നാൽ അതുണ്ടായില്ല. സീസൺ അവസാനിച്ചതിന് ശേഷം, കരണിനോട് ചോദിച്ചപ്പോൾ, അടുത്ത സീസണിൽ പങ്കെടുപ്പിക്കാമെന്ന് പറഞ്ഞൊഴിഞ്ഞു.
പക്ഷെ അടുത്ത സീസണിലും ഒന്നും സംഭവിച്ചില്ല. ‘സീസൺ 17-ഉം അവസാനിച്ചപ്പോൾ, ഞാൻ കരണിനോട് ഞാൻ കൊടുത്ത പണം തിരികെ ചോദിച്ചു. എന്നാൽ അയാൾ ഓരോ കാരണങ്ങൾ പറഞ്ഞ് എന്നെ ഒഴിവാക്കി. ഒടുവിൽ, ഞാൻ പരാതി നൽകാൻ പോലീസിനെ സമീപിച്ചു. എന്നിട്ടും നടപടിയായില്ല. ഏകദേശം രണ്ട് വർഷത്തിന് ശേഷം വളരെ പ്രയാസപ്പെട്ടാണ് ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്യിപ്പിക്കാൻ പോലും എനിക്ക് സാധിച്ചത്,’ അഭിനീത് പറഞ്ഞു. അതേസമയം വഞ്ചനാക്കുറ്റത്തിന് ഐപിസി സെക്ഷൻ 420 പ്രകാരമാണ് പോലീസ് ഇപ്പോൾ കരണിനെതിരെ കേസെടുത്തിരിക്കുന്നത്.