ന്യൂഡൽഹി: രാജ്യത്തെ വിമാനത്താവളങ്ങൾക്ക് ജാഗ്രത നിർദ്ദേശം. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയാണ് നിർദ്ദേശം നൽകിയത്. ഭീകരാക്രമണസാധ്യതയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.
സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 02 വരെയുള്ള ദിവസങ്ങളിൽ ഭീകരാക്രമണ സാധ്യതയെന്നാണ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വിമാനത്താവളങ്ങൾ, ഹെലിപ്പാഡുകൾ, ഫ്ലൈയിംഗ് സ്കൂളുകൾ, പരിശീലന സ്ഥാപനങ്ങൾ തുടങ്ങി എല്ലാ വ്യോമയാന കേന്ദ്രങ്ങളിലും നിരീക്ഷണം ശക്തമാക്കാനും ബി സി എ എസ് ആവശ്യപ്പെട്ടിട്ടുണ്ട്.
സംശയകരമായ പ്രവർത്തനങ്ങളോ ആളില്ലാത്ത ലഗേജുകളോ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാൻ യാത്രക്കാർക്ക് നിർദേശം നൽകും. അത്യാവശ്യ ഘട്ടങ്ങളിലേക്ക് വേണ്ടിയുള്ള തയാറെടുപ്പുകൾ നടത്താനും അറിയിപ്പുണ്ട്. വ്യോമയാന പ്രവർത്തനങ്ങളിൽ നിയമവിരുദ്ധമായ ഇടപെടലുകൾ തടയുന്നതിനുള്ള മുൻകരുതലുകൾ നടപ്പാക്കാൻ എല്ലാ ഏജൻസികൾക്കും നിർദേശം നൽകുന്നതിനായി എയർപോർട്ട് ഡയറക്ടർമാർ പ്രത്യേക യോഗങ്ങൾ വിളിച്ചുചേർക്കണമെന്നും ബിസിഎഎസ് ആവശ്യപ്പെട്ടു. കൂടാതെ, പ്രാദേശിക ബിസിഎഎസ് ഡയറക്ടർമാർ അവരുടെ അധികാരപരിധിയിലുള്ള വിമാനത്താവളങ്ങളിൽ പ്രത്യേക യോഗങ്ങൾ വിളിച്ചുചേർക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.