റായ്പുർ: കന്യാസ്ത്രീകളുടെ മോചനത്തിനു പിന്നാലെ ആരോപണ പ്രത്യാരോപണങ്ങളുമായി രാജീവ് ചന്ദ്രശഖറും ഇടത് എംപിമാരും കസറുന്നു. മൂന്നു ദിവസം മുൻപ് രാഷ്ട്രീയ നാടകം നടന്നില്ലായിരുന്നുവെങ്കിൽ കന്യാസ്ത്രീകളുടെ ജയിൽ മോചനം നേരത്തെ നടക്കുമായിരുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോടു പറഞ്ഞു. കന്യാസ്ത്രീകളെ ജയിലിൽ നിന്നെത്തിച്ച വിശ്വദീപ് കോൺവെന്റിൽ അവരെ കണ്ട ശേഷം പുറത്തിറങ്ങുമ്പോഴായിരുന്നു രാജീവ് ചന്ദ്രശേഖർ പ്രതിപക്ഷത്തിനെതിരെ സംസാരിച്ച് രംഗത്തെത്തിയത്.
‘‘മൂന്നു ദിവസം മുൻപ് രാഷ്ട്രീയ നാടകം നടന്നില്ലായിരുന്നുവെങ്കിൽ ഈ ജയിൽ മോചനം നേരത്തെ നടക്കുമായിരുന്നു. അതിലൊരു സംശയവുമില്ല. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നന്ദി പറയുന്നു. ഞാൻ ക്രെഡിറ്റ് എടുത്തിട്ടില്ല. സഭ സഹായിക്കണമെന്നു പറഞ്ഞപ്പോഴാണ് സഹായിക്കാൻ ഇറങ്ങിയത്. എല്ലാവർക്കും സന്തോഷമുണ്ട്. എല്ലാവരും നന്ദി പറയുകയാണ്. ഇത് സന്തോഷത്തിന്റെ ദിവസമാണ്. സഭ വിളിച്ച് സഹായിക്കണമെന്ന് അഭ്യർഥിച്ചപ്പോൾ ഞങ്ങൾ ഇറങ്ങി. അനൂപ് ആന്റണി ഇങ്ങോട്ടേക്കു വന്ന് വേണ്ട കാര്യങ്ങളെല്ലാം ചെയ്തു’’ – രാജീവ് ചന്ദ്രേശഖർ പറഞ്ഞു.
പക്ഷെ ആരാണ് രാഷ്ട്രീയ നാടകം നടത്തിയത് എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു രാജീവ് ചന്ദ്രശേഖർ മൗനം പാലിച്ചു. പിന്നാലെ കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി പറയാതെ രാജീവ് ചന്ദ്രശേഖർ മടങ്ങി. എന്നാൽ ഇതിനെതിരെ ഇടത് എംപിമാർ പ്രതികരിച്ചു. അസാമാന്യ തൊലിക്കട്ടിയാണ് രാജീവ് ചന്ദ്രശേഖറിനെന്ന് ആയിരുന്നു തൊട്ടുപിന്നാലെ കോൺവെന്റിൽ നിന്നും പുറത്തിറങ്ങിയ ഇടതുപക്ഷ എംപിമാരുടെ പ്രതികരണം.
അസാമാന്യ തൊലിക്കട്ടിയാണ് രാജീവ് ചന്ദ്രശേഖറിനെന്ന് ഇടതുപക്ഷ എംപിമാരായ ജോൺ ബ്രിട്ടാസ്, സന്തോഷ് കുമാർ, ജോസ് കെ.മാണി എന്നിവർ പറഞ്ഞു. അൽപം ഉളുപ്പുണ്ടെങ്കിൽ ബിജെപി നേതാക്കൾ ജയിൽ മോചിതരായ കന്യാസ്ത്രീകളെ കാണാൻ വരില്ലായിരുന്നു. കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിനു ബിജെപി മാപ്പു പറയണം. സഭ എല്ലാ രാഷ്ട്രീയ പാർട്ടികളോടും സഹായം ആവശ്യപ്പെട്ടു. കേരളം ബിജെപിയ്ക്കു മാപ്പു നൽകില്ല. രാജീവ് ചന്ദ്രേശഖർ വൃത്തികെട്ട നാടകം കളിക്കരുത്. അതുപോലെ ജോർജ് കുര്യനും സുരേഷ് ഗോപിയും ഒരുനിമിഷം പോലും അധികാരത്തിൽ തുടരാൻ അർഹരല്ലെന്നും ഇടത് എംപിമാർ പറഞ്ഞു. അതേസമയം ഒൻപതു ദിവസങ്ങൾക്കു ശേഷമാണ് മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത്.