റായ്പുർ: ഛത്തീസ്ഗഡ് സർക്കാർ ജാമ്യത്തെ എതിർക്കില്ലെന്നു ബിജെപി കേരളഘടകം ഉറപ്പുനൽകിയെങ്കിലും അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത് പ്രോസിക്യൂഷൻ. ബിലാസ്പുരിലെ എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് സർക്കാർ ജാമ്യം നൽകുന്നതിനെ എതിർത്തത്. ഇതോടെ ജാമ്യാപേക്ഷ വിധി പറയുന്നത് നാളത്തേക്കു മാറ്റി.
മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് ആണ് കന്യാസ്ത്രീകൾക്ക് വേണ്ടി കോടതിയിൽ ഹാജരായത്. വളരെ നീണ്ടുനിന്ന കൂടിയാലോചനകൾക്ക് ശേഷമാണ് ബിലാസ്പൂരിലെ എൻഐഎ കോടതിയിൽ തന്നെ ജാമ്യാപേക്ഷ നൽകാമെന്ന് സഭാനേതൃത്വം തീരുമാനിച്ചത്. ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയാൽ കാലതാമസം ഉണ്ടാകും എന്ന വിലയിരുത്തലിലാണ് നടപടി.
അതേസമയം മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളികളായ രണ്ട് കന്യാസത്രീകൾ എട്ട് ദിവസമായി ഛത്തീസ്ഗഡിൽ ജയിലിൽ കഴിയുകയാണ്. ഇവർക്ക് ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. എന്നാൽ, ജാമ്യാപേക്ഷയിൽ വാദം കേട്ട കോടതി നാളത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഇനി എല്ലാം കോടതി തീരുമാനിക്കുമെന്നും കേസ് അന്വേഷണത്തിൻറെ പ്രാരംഭ ഘട്ടത്തിലാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. വാദത്തിനിടെ ബജ്‍രംഗ്ദൾ അഭിഭാഷകനും ജാമ്യം നൽകുന്നതിനെ എതിർത്തിരുന്നു
കന്യാസ്ത്രികളുടെ ജാമ്യത്തിൽ നീക്കം നടക്കുന്നതിനിടെ ഡൽഹിയിൽ നിർണ്ണായക കൂടിക്കാഴ്ച നടന്നിരുന്നു. ഛത്തീസ്ഗഢ് മുഖ്യമന്ത്രിയെ പാർലമെൻറിലേക്ക് വിളിപ്പിച്ച് അമിത് ഷാ ചർച്ച നടത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെയും ഡൽഹിക്ക് വിളിപ്പിച്ചു. പ്രതിപക്ഷത്തിൻറെ വലിയ ബഹളത്തിനിടെ കന്യാസ്ത്രീകളുടെ അറസ്റ്റിൽ ചർച്ചയാവശ്യപ്പെട്ടുള്ള നോട്ടീസുകൾ പാർലമെൻറിൻറെ ഇരുസഭകളും ഇന്നും തള്ളി. കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടാനുള്ള എല്ലാ ഇടപെടലുകളും നടത്തിയെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയെ പാർലമെൻറിലേക്ക് വിളിപ്പിച്ച് അമിത് ഷാ കണ്ടത്.