പൂനെ: കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികന്റെ വീട്ടിൽ അതിക്രമിച്ച് കയറി പൗരത്വം തെളിയിക്കാനാവശ്യപ്പെട്ട് ആക്രമിച്ചതായി പരാതി. പുനെയിലാണ് സംഭവം. വിമുക്ത ഭടൻ ഹക്കിമുദ്ദീൻ ഷെയ്ഖിന്റെയും ബന്ധുക്കളുടെയും വീട്ടിൽക്കയറിയാണ് പ്രശ്നമുണ്ടാക്കിയത്. ശനിയാഴ്ച രാത്രി വീട്ടിൽ അതിക്രമിച്ചു കയറി, ഇന്ത്യൻ പൗരത്വത്തിന്റെ തെളിവ് ആവശ്യപ്പെട്ട് ആക്രമിക്കുകയും അനധികൃത കുടിയേറ്റക്കാരെന്ന് അധിക്ഷേപിക്കുകയും ചെയ്തെന്നും ആരോപിച്ചു.
പിന്നിൽ ബജ്‌റംഗ്ദൾ പ്രവർത്തകരാണെന്നും സൈനികനും കുടുംബവും ആരോപിച്ചു. പൂനെയിലെ ചന്ദൻനഗർ പ്രദേശത്ത് രാത്രി 11:30 ഓടെയാണ് സംഭവം. ബജ്‌റംഗ്ദൾ പ്രവർത്തകർ ചില പൊലീസുകാരോടൊപ്പം വീട്ടിൽ കയറി തങ്ങളെ ബംഗ്ലാദേശി, റോഹിംഗ്യൻ കുടിയേറ്റക്കാരാണെന്ന് ആരോപിച്ചുവെന്ന് കുടുംബം ആരോപിച്ചു. പരാതിയെ തുടർന്ന് ആറ് പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
ഞങ്ങൾ അഭിമാനമുള്ള ഇന്ത്യക്കാരാണ്. ഞങ്ങളുടെ പൂർവ്വികർ മുതൽ ഞങ്ങളുടെ കുടുംബാംഗങ്ങൾ 130 വർഷമായി വിവിധ പദവികളിലും സേവനങ്ങളിലും രാഷ്ട്രത്തെ സേവിച്ചിട്ടുണ്ട്. എന്നിട്ടും, സ്വന്തം വീട്ടിൽ ഞങ്ങളെ കുറ്റവാളികളെപ്പോലെയാണ് പരിഗണിച്ചതെന്ന് വിമുക്തഭടൻ ഹക്കിമുദ്ദീൻ ഷെയ്ഖിന്റെ സഹോദരൻ ഇർഷാദ് ഷെയ്ഖ് പറഞ്ഞു.
എന്റെ വീട്ടിലും എന്റെ അടുത്ത് താമസിക്കുന്ന ബന്ധുക്കളുടെ വീടുകളിലും 70-80 പേരടങ്ങുന്ന ഒരു സംഘം കയറി. അവർ ഞങ്ങളോട് ദേശീയത തെളിയിക്കാൻ ആവശ്യപ്പെട്ടു. ഞങ്ങൾ ഐഡികൾ കാണിക്കാൻ ശ്രമിച്ചു. പക്ഷേ അവർ ഗൗനിച്ചില്ല. സിവിൽ യൂണിഫോമിലുള്ള ചില പൊലീസ് ഉദ്യോഗസ്ഥരും അവരോടൊപ്പം ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, സംഭവത്തിൽ പൊലീസിന് പങ്കില്ലെന്ന് പൂനെ പൊലീസ് കമ്മീഷണർ അമിതേഷ് കുമാർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.