മുംബൈ: സ്ഥിര ജോലി നഷ്ടമാകാതിരിക്കാൻ, വീട് പട്ടിണിയാകാതിരിക്കാൻ സ്ത്രീകൾക്ക് നിർബന്ധിതമായി ഗർഭാശയം നീക്കം ചെയ്യേണ്ടിവരുന്നതായുള്ള റിപ്പോർട്ട് ശരിവെച്ച് കേന്ദ്ര സർക്കാർ. ബീഡിൽനിന്ന് കരിമ്പ് വിളവെടുപ്പ് ജോലിക്കായി പോകുന്ന 843 സ്ത്രീകൾക്ക് ഗർഭാശയം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായി ജൂണിൽ ഒരു പഠന റിപ്പോർട്ട് പുറത്തുവന്നിരുന്നു. 477 സ്ത്രീകൾ 30 നും 35 നും ഇടയിൽ പ്രായമുള്ളവരാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതു ശരിവച്ചാണ് സർക്കാരിന്റെ വെളിപ്പെടുത്തൽ. കരിമ്പിൻതോട്ടങ്ങളിലെ ജോലിമുടങ്ങാതിരിക്കാൻ മഹാരാഷ്ട്രയിലെ ബീഡിൽ 2022-25 കാലയളവിൽ 200-ലധികം സ്ത്രീകൾ ഗർഭപാത്രം നീക്കംചെയ്യാൻ പ്രേരിപ്പിക്കപ്പെടുന്നുവെന്നാണ് കേന്ദ്രസർക്കാർ വെളിപ്പെടുത്തിയത്.
ഇതിനെ ന്യായീകരിച്ചുകൊണ്ടാണ് സർക്കാരിന്റെ വെളിപ്പെടുത്തൽ. മെഡിക്കൽ ആവശ്യകതകൾ കണക്കിലെടുത്താണ് ഈ ശസ്ത്രക്രിയകൾ നടത്തിയതെന്നും കർശനമായ മേൽനോട്ടത്തിലാണ് ഇവ നടത്തിയതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. ബുധനാഴ്ച രാജ്യസഭയിൽ ഒരു ചോദ്യത്തിന് മറുപടി നൽകവേയാണ് സർക്കാർ ഈ കണക്ക് പുറത്തുവിട്ടത്. ബീഡിൽ കരിമ്പിൻതോട്ടത്തിൽ ജോലിചെയ്യുന്ന സ്ത്രീകൾ ഗർഭാശയം നീക്കം ചെയ്യുന്നതായി മാധ്യമ, ഗവേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെന്ന് വനിതാ- ശിശു വികസന സഹമന്ത്രി സാവിത്രി ഠാക്കൂർ സമ്മതിച്ചു.
അതേസമയം ജോലിക്കിടെ ആർത്തവവുമായി ബന്ധപ്പെട്ട വെല്ലുവിളികളിൽ നിന്നു മോചനം നേടാനാണു സ്ത്രീകൾ ഇത്തരം ശസ്ത്രക്രിയകൾക്ക് വിധേയരാകുന്നതെന്നാണ് സർക്കാർ പറയുന്നത്. ആരോഗ്യം സംസ്ഥാന വിഷയമാണെന്ന് വ്യക്തമാക്കിയ മന്ത്രി, ജില്ലാ സിവിൽ സർജന്റെയും അതത് പ്രദേശത്തെ മെഡിക്കൽ സൂപ്രണ്ടിന്റെയും മുൻകൂർ അനുമതിക്കുശേഷം മാത്രമേ ഗർഭാശയ ശസ്ത്രക്രിയ നടപടിക്രമങ്ങൾ നടത്താവൂ എന്ന് മഹാരാഷ്ട്ര സർക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നുവെന്നും പറഞ്ഞു. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഉറപ്പുനൽകിയിട്ടുണ്ടെന്നും ഠാക്കൂർ പറഞ്ഞു.
എന്നാൽ ഈ ശസ്ത്രക്രിയകളിൽ വലിയൊരു ശതമാനം സ്വകാര്യ ക്ലിനിക്കുകളിലാണ് നടത്തപ്പെടുന്നത്. ഇത് സ്ത്രീകളുടെ പൂർണമായ അറിവോടെയും സമ്മതത്തോടെയും ആണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തമല്ല. ഈ ശസ്ത്രക്രിയ ഉണ്ടാക്കുന്ന ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ സംബന്ധിച്ചും ആശങ്കകളുയർന്നിരുന്നു.
പ്രതിവർഷം 1.75 ലക്ഷം തൊഴിലാളികളാണ് ബീഡിൽനിന്ന് കരിമ്പ് കൃഷിയുമായി ബന്ധപ്പെട്ട ജോലികൾക്കായി വിവിധ സംസ്ഥാനങ്ങളിലേക്കു പോകുന്നത്. കഠിനമായ കാലാവസ്ഥയിൽ മണിക്കൂറുകൾ നീളുന്ന ശാരീരികാധ്വാനം ആവശ്യമുള്ള ഈ ജോലി സ്ത്രീകൾക്ക് വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇതിനു പുറമേയാണ് ഗർഭാശയം നീക്കം ചെയ്യുന്നതുമൂലമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കൂടി സ്ത്രീ തൊഴിലാളികൾക്ക് നേരിടേണ്ടിവരുന്നു. എന്നാൽ ആർത്തവ കാലത്തെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ അവർ ഈ മാർഗം സ്വീകരിക്കുന്നു.