വാഷിങ്ടൺ: പറന്നുയർന്നതിന് തൊട്ടുപിന്നാലെ എഞ്ചിൻ തകരാറിലായ യുണൈറ്റഡ് എയർലൈൻസ് വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. സമയോചിത ഇടപടെലലിൽ വൻ ദുരന്തം ഒഴിവായി. ഇക്കഴിഞ്ഞ ജൂലൈ 25-നാണ് സംഭവം നടന്നത്. വാഷിങ്ടൺ ഡള്ളസ് വിമാനത്താവളത്തിൽ നിന്നായിരുന്നു വിമാനം പുറപ്പെട്ടത്. ജർമ്മനിയിലെ മ്യൂണിക്കിലേക്കായിരുന്നു ബോയിങ് 787-8 ഡ്രീംലൈനർ വിമാനം പറന്നത്.
ഏകദേശം 5000 അടി ഉയരത്തിലെത്തിയപ്പോൾ വിമാനത്തിന്റെ ഇടതുവശത്തെ എഞ്ചിൻ പെട്ടെന്ന് പ്രവർത്തനരഹിതമായി. ഉടൻതന്നെ പൈലറ്റ് എയർട്രാഫിക് കൺട്രോളിലേക്ക് ‘മെയ്‌ഡേ’ സന്ദേശം അയച്ചു. അടിയന്തരമായി തിരിച്ചിറങ്ങാൻ അനുമതിയും തേടി. നിറയെ ഇന്ധനവുമായി പറന്നുയർന്ന വിമാനത്തിന് ഉടൻ ലാൻഡ് ചെയ്യാൻ കഴിഞ്ഞില്ല. സുരക്ഷിതമായി ഇറങ്ങുന്നതിന് മുമ്പ് ഇന്ധനം പൂർണ്ണമായും കളയേണ്ടതുണ്ടായിരുന്നു. ഇതിനായി വിമാനം ഏകദേശം രണ്ടര മണിക്കൂറോളം വിമാനത്താവളത്തിന് ചുറ്റും വട്ടമിട്ട് പറന്നു.
ഈ സമയത്ത് ഡള്ളസ് വിമാനത്താവളത്തിലെ മറ്റ് വിമാനങ്ങളുടെ സർവീസുകൾ നിർത്തിവെച്ചു. ഒടുവിൽ, യാതൊരു അപകടവുമില്ലാതെ വിമാനം സുരക്ഷിതമായി നിലത്തിറക്കി. 260 യാത്രക്കാരും വിമാനത്തിലെ ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. സമീപകാലത്ത് ബോയിങ് വിമാനങ്ങൾക്ക് തുടർച്ചയായി സാങ്കേതിക തകരാറുകൾ ഉണ്ടാകുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. 260 പേർ മരിച്ച അഹമ്മദാബാദ് വിമാനാപകടത്തിൽ ഉൾപ്പെട്ടതും ബോയിങ്ങിന്റെ 787 ഡ്രീംലൈനർ വിഭാഗത്തിൽപ്പെട്ട വിമാനമായിരുന്നു.