ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ കളിക്കുന്നതിനിടെ ഏഴു വയസ്സുകാരൻ ട്രാൻസ്‌ഫോർമറിൽനിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചു. ഫഹദ് എന്ന കുട്ടിയാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. രാവിലെ ഫഹദ് സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് പന്ത് ട്രാൻസ്‌ഫോർമറിന് സമീപത്തേക്ക് തെറിച്ചു. പന്ത് എടുക്കാൻ പോയപ്പോൾ ട്രാൻസ്‌ഫോർമറിൽ അബദ്ധത്തിൽ സ്പർശിക്കുകയും വൈദ്യുതാഘാതമേൽക്കുകയും ചെയ്തു. സമീപവാസികൾ ഓടിയെത്തി ഫഹദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ട്രാൻസ്‌ഫോർമറിന്റെ ചുറ്റുവേലി തകർന്നതിനെക്കുറിച്ച് ആവർത്തിച്ച് പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കുട്ടി ട്രാൻസ്‌ഫോർമറിൽ സ്പർശിച്ച് വൈദ്യുതാഘാതമേറ്റപ്പോൾ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും വൈദ്യുതി വിതരണം വിച്ഛേദിക്കാൻ വൈകിയതായും നാട്ടുകാർ ആരോപിച്ചു. പലതവണ പരാതിപ്പെട്ടിട്ടും ആരും ഒന്നും ചെയ്തില്ലെന്ന് ഫഹദിന്റെ അമ്മാവൻ മുഹമ്മദ് റയീസ് പറഞ്ഞു.
രാവിലെ 10 മണിയോടെയാണ് സംഭവം നടന്നതെന്ന് ദൃക്സാക്ഷി പറഞ്ഞു. ഇതുവരെ ഒരു വൈദ്യുതി വകുപ്പുദ്യോഗസ്ഥനും ഇവിടെ എത്തിയിട്ടില്ല. കുട്ടിയെ പുറത്തെടുക്കാൻ കഴിഞ്ഞതിനു ശേഷമാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. രണ്ട് വർഷമായി ഈ ഗേറ്റ് കേടായി കിടക്കുകയാണ്. ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മുമ്പ് ഇവിടെ 14 ഓളം മൃഗങ്ങൾ വൈദ്യുതാഘാതമേറ്റ് ചത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ കോളുകൾ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നില്ലെന്നും എന്തെങ്കിലും പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഹെൽപ്പ് ലൈൻ നമ്പറായ 1912 ൽ വിളിക്കണമെന്ന് നിർബന്ധം പിടിക്കുന്നുണ്ടെന്നും ഉത്തർപ്രദേശ് ഊർജ്ജ മന്ത്രി എ കെ ശർമ്മ നേരത്തെ ആരോപിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി നേതാവും കനൗജ് എംപിയുമായ അഖിലേഷ് യാദവ് രംഗത്തെത്തി. ഉത്തർപ്രദേശിൽ വൈദ്യുതി വകുപ്പിന്റെ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചുവെന്നും മന്ത്രിയും ഉദ്യോഗസ്ഥരും തമ്മിലുള്ള കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. ഉത്തർപ്രദേശിൽ വൈദ്യുതിയില്ല, വൈദ്യുതി ബില്ലുകൾ മാത്രമേയുള്ളൂവെന്നും ബിജെപി പോകുമ്പോൾ വെളിച്ചം വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.