ടെൽ അവീവ്: ഹമാസ് യുഎൻ സഹായം മോഷ്ടിക്കുന്നു എന്ന ആരോപണത്തിന് തെളിവില്ലെന്ന് ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥർ സമ്മതിച്ചതായി റിപ്പോർട്ട്. ഹമാസ് ജനങ്ങളെ നിയന്ത്രിക്കാൻ സഹായം ആയുധമായി ഉപയോഗിക്കുന്നു എന്ന വാദം ഉന്നയിച്ച് ഇസ്രയേൽ ഗാസയിലേക്കുള്ള സഹായം ദീർഘകാലമായി തടസ്സപ്പെടുത്തുകയും നിരോധിക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ രണ്ട് വർഷത്തോളമായി, യു.എന്നും മറ്റ് അന്താരാഷ്ട്ര സംഘടനകളും നൽകുന്ന സഹായം ഹമാസ് മോഷ്ടിക്കുന്നു എന്ന് ഇസ്രയേൽ ആരോപിച്ചിരുന്നു.
ഗാസയിലേക്ക് ഭക്ഷണം എത്തുന്നത് തടയുന്നതിനുള്ള പ്രധാന ന്യായീകരണമായി ഈ വാദത്തെയാണ് ഇസ്രയേൽ സർക്കാർ ഉപയോഗിച്ചത്. എന്നാൽ, യുദ്ധത്തിന്റെ ഭൂരിഭാഗം സമയത്തും ഗാസയിലെ അടിയന്തര സഹായത്തിന്റെ ഏറ്റവും വലിയ വിതരണക്കാരായ യുഎന്നിൽ നിന്ന് ഹമാസ് വ്യവസ്ഥാപിതമായി സഹായം മോഷ്ടിച്ചതിന് തെളിവൊന്നും ഇസ്രയേൽ സൈന്യത്തിന് കണ്ടെത്താനായിട്ടില്ലെന്ന് രണ്ട് മുതിർന്ന ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഗാസ പ്രദേശത്ത് പട്ടിണി രൂക്ഷമായ സാഹചര്യത്തിൽ, യുദ്ധനടപടികളെക്കുറിച്ചും അത് വരുത്തിവെച്ച മാനുഷിക ദുരിതങ്ങളെക്കുറിച്ചും ഇസ്രയേൽ കടുത്ത അന്താരാഷ്ട്ര സമ്മർദ്ദം നേരിടുകയാണ്. പട്ടിണി കാരണം രോഗബാധിതരാകുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം വർദ്ധിച്ചുവരുന്നതായി അവിടുത്തെ ഡോക്ടർമാർ പറയുന്നു. കഴിഞ്ഞയാഴ്ച നൂറിലധികം ദുരിതാശ്വാസ ഏജൻസികളും മനുഷ്യാവകാശ ഗ്രൂപ്പുകളും ആസന്നമാകുന്ന വൻതോതിലുള്ള പട്ടിണി ദുരന്തത്തെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. മാനുഷിക പരിഗണന കാണിച്ച് നിയന്ത്രണങ്ങൾ നീക്കാൻ ഇസ്രായേലിനോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. യൂറോപ്യൻ യൂണിയനും ബ്രിട്ടൻ, ഫ്രാൻസ്, കാനഡ തുടങ്ങിയ ഇസ്രായേലി സഖ്യകക്ഷികൾ ഉൾപ്പെടെ 28 രാജ്യങ്ങളും ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു.
ഈ വിമർശനങ്ങളെ ഇസ്രയേൽ തള്ളിക്കളഞ്ഞിരുന്നു. ഇസ്രയേൽ കാരണമുണ്ടായ ക്ഷാമമൊന്നും അവിടെയില്ലാ എന്നായിരുന്നു സർക്കാർ വക്താവ് ഡേവിഡ് മെൻസർ പറഞ്ഞത്. ഭക്ഷണക്ഷാമത്തിന് ഹമാസിനെയും യുഎന്നിന്റെ മോശം ഏകോപനത്തെയുംഅദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോഴും യുഎൻ വഴിയും മറ്റ് സംഘടനകൾ വഴിയും ചില സഹായങ്ങൾ ഗാസയിൽ എത്തുന്നുണ്ട്. ഇതിന് പകരമായി ഇസ്രയേൽ ഒരുക്കിയ സംവിധാനം വലിയ സുരക്ഷാ ഭീഷണിയാണ് ഉണ്ടാക്കുന്നത്.
പുതിയ സംവിധാനത്തിന് കീഴിൽ ഭക്ഷണം വാങ്ങാൻ പോകുന്ന വഴിയിൽ വെടിവെപ്പിൽ ഏകദേശം 1,100 പേർ കൊല്ലപ്പെട്ടുവെന്ന് ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പല കേസുകളിലും, വിശന്നുവലഞ്ഞ ജനക്കൂട്ടത്തിന് നേരെ ഇസ്രയേൽ സൈനികർ വെടിയുതിർക്കുകയായിരുന്നു. ജനക്കൂട്ടം അടുത്തു വന്നതിനാലോ സൈനികർക്ക് നേരെ ആക്രമണം നടത്തുകയോ ചെയ്ത ചില സന്ദർഭങ്ങളിൽ ആകാശത്തേക്ക് വെടിയുതിർക്കുകയാണ് ചെയ്തതെന്നായിരുന്നു ഇസ്രയേൽ വിശദീകരണം. സമാനമായി ഹമാസ് സഹായം മോഷ്ടിക്കുന്നതായി തെളിവില്ലെന്ന് യുഎസ് സർക്കാർ വിശകലന റിപ്പോര്‍ട്ട് പുറത്തുവന്നതായി റോയിട്ടേഴ്സ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. യു.എസ്. ധനസഹായമുള്ള മാനുഷിക സാധനങ്ങൾ ഹമാസ് മോഷ്ടിച്ചതിന് തെളിവൊന്നും ഇല്ലെന്ന് റിപ്പോർട്ട് പറയുന്നു.