തൃശൂർ: കണ്ണൂർ സെൻട്രൽ ജയിൽ നിന്ന് തടവ് ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലെത്തിച്ചു. കനത്ത സുരക്ഷയിൽ ഇന്നു ഉച്ചയ്ക്ക് 12.30ഓടെയാണ് വിയ്യൂരിലേക്ക് കൊണ്ട് വന്നത്. സായുധ സേനയുടെ അകമ്പടിയോടെയായിരുന്നു ഗോവിന്ദച്ചാമിയുടെ യാത്ര. രാവിലെ ഏഴരയ്ക്കാണ് ഗോവിന്ദച്ചാമിയും സംഘവും കണ്ണൂരിൽ നിന്ന് തിരിച്ചത്.
താഴത്തെ നിലയിലെ GF 1ലാണ് ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരിക്കുന്നത്. കൂടെ ഒരു തടവുകാരനെ പാർപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഗോവിന്ദസ്വാമിയെ നിരീക്ഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ജയിൽ ഉദ്യോഗസ്ഥരുടെ റൂമിന് സമീപത്താണ് സെൽ.
അതേസമയം അതീവ സുരക്ഷാ ജയിലിലേക്കാണ് ഗോവിന്ദച്ചാമിയെ മാറ്റിയിരിക്കുന്നത്. കേരളത്തിലെ കൊടുംകുറ്റവാളികളെ പാർപ്പിക്കുന്ന ജയിലാണ് അതീവ സുരക്ഷാ ജയിൽ. 535 കുറ്റവാളികളെ പാർപ്പിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. റിപ്പർ ജയാനന്ദനും ചെന്താമരയും അടക്കം 300ലധികം കൊടുംകുറ്റവാളികൾ നിലവിൽ വിയ്യൂരിലുണ്ട്. ജയിൽ ചാടാൻ തനിക്കു പ്രചോദനമായതു റിപ്പർ ജയാനന്ദനാണെന്നു പ്രതി പോലീസിനു മൊഴി നൽകിയിരുന്നു.
പുലർച്ചെ ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ രാവിലെ 10.30 ഓടെ പിടികൂടിയ ശേഷം ഇന്നലെ വൈകീട്ടോടെ കണ്ണൂർ ജയിലിലേക്ക് തന്നെ എത്തിച്ചിരുന്നു. സുരക്ഷ വീഴ്ച്ച ഉണ്ടായ പശ്ചാത്തലത്തിൽ നാല് ഉദ്യോഗസ്ഥരെ ജയിൽ വകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. സെൻട്രൽ ജയിലിനകത്തെ ഇലക്ട്രിക് ഫെൻസിങും സിസിടിവികളും പ്രവർത്തന ക്ഷമമല്ല എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലും പരിശോധനകൾ തുടരുകയാണ്.