കണ്ണൂർ: ഗോവിന്ദച്ചാമിയുടെ പുറത്തുവന്ന മൊഴികൾ നോക്കിയാൽ ഇതുവരെ ജയിലിൽ നടത്തിയ അതിക്രങ്ങളെല്ലാം തടവുചാടാനുള്ള മുന്നൊരുക്കത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. എട്ടു മാസത്തെ ആസൂത്രിത നീക്കത്തിലൂടെയാണ് ജയിൽചാട്ടം നടപ്പാക്കിയതെന്നാണ് ഗോവിന്ദച്ചാമി പറയുന്നത്. അതുപോലെ തനിക്കു ശിക്ഷായിളവ് കിട്ടില്ലെന്ന് മനസിലാക്കിയതോടെയാണ് ഈ തീരുമാനമെടുത്തതെന്നും ഇയാൾ പറയുന്നു. സഹതടവുകാർക്ക് തന്നോട് സഹതാപം തോന്നി. തന്റെ കഴിവ് കാട്ടിക്കൊടുക്കണമെന്ന് അവർ പറഞ്ഞതും ജയിൽചാട്ടത്തിന് പ്രചോദനമായെന്നു പിടികൂടിയതിന് പിന്നാലെ പോലീസിന് നൽകിയ മൊഴിയിൽ ഗോവിന്ദച്ചാമി പറഞ്ഞു. കൂടാതെ റിപ്പർ ജയാനന്ദന്റെ ജയിൽചാട്ടം മാതൃകയാക്കിയെന്നും ഇയാൾ പറയുന്നു.
ഇതിനായി മാസങ്ങളായി തയാറെടുത്തു. ശരീര ഭാരം കുറച്ചു, പകൽസമയം ഉറങ്ങി, രാത്രി ഉറങ്ങാതെ കമ്പി മുറിച്ചു. കഴിക്കാൻ കിട്ടുന്ന ബിസ്‌ക്കറ്റ് കവറുകൾ സൂക്ഷിച്ചുവെച്ചു. ജയിൽ ചാടിയപ്പോൾ ഇലക്ട്രിക് ഫെൻസിങ്ങിൽ പിടിച്ചത് ബിസ്‌കറ്റിന്റെ ആ കവർ ഉപയോഗിച്ചായിരുന്നു. ഒറ്റക്കയ്യും പല്ലും ഉപയോഗിച്ചാണ് തുണിയിലൂടെ കയറി മതിൽ ചാടിയത്. ഒരു കൈ ഉപയോഗിച്ച് തുണിയിൽ പിടിച്ച് കയറി. താഴെ വീഴാതിരിക്കാൻ വായ ഉപയോഗിച്ച് തുണി കടിച്ചുപിടിച്ചു.
പുറത്തിറങ്ങി ആദ്യം ട്രെയിൻ മാർഗം രക്ഷപ്പെടാനായിരുന്നു തീരുമാനം. എന്നാൽ കയ്യിൽ പണമില്ലാത്തത് തടസമായി. തടവു ചാടി കാൽനടക്കാരോട് ചോദിച്ചപ്പോൾ റെയിൽവെ സ്റ്റേഷനിലേക്ക് അഞ്ച് കിലോമീറ്റർ ഉണ്ടെന്ന് പറഞ്ഞു. നടന്നു പോകുന്നതിനിടെ ഒരു ആശുപത്രിയുടെ ഭാഗത്തുവെച്ചു വഴിതെറ്റി. ഇടവഴിയിലൂടെ കറങ്ങി ഡിസിസി ഓഫിസിനു മുന്നിൽ എത്തി. അപ്പോഴാണ് നാട്ടുകാർ തന്നെ ശ്രദ്ധിക്കാൻ തുടങ്ങിയതെന്നും ചോദ്യം ചെയ്തപ്പോൾ ഓടി രക്ഷപ്പെടുകയുമായിരുന്നുവെന്ന് ഗോവിന്ദച്ചാമി പോലീസിനോട് പറഞ്ഞു.
തടവുചാടാൻ നേരത്തെ തീരുമാനിച്ചെങ്കിലും അഴിയറുക്കാൻ തുടങ്ങിയത് നാലു മാസം മുൻപാണെന്നും ഗോവിന്ദചാമി പറയുന്നു. ഇതിനായി ആദ്യം ബ്ലേഡ് സംഘടിപ്പിച്ചു. വാർഡർമാർ മുഴുവൻ സമയവും ഫോണിൽ കളിക്കുന്നത് സൗകര്യമായി. തൊട്ടു മുന്നിലെ മുറിയിൽ ഉണ്ടായിട്ടും ശ്രദ്ധിക്കാറില്ല. ഇതു പരിശോധിക്കാൻ ഗ്ലാസും പ്ലേറ്റും പുറത്തെറിഞ്ഞ് പരീക്ഷിക്കും, പലപ്പോഴും വാർഡർമാർ ശബ്ദം കേൾക്കാറില്ല. കമ്പി നൂൽവണ്ണം ആയിട്ടും വാർഡർമാർ നോക്കിയില്ലെന്നും ഗോവിന്ദചാമി മൊഴിയിൽ പറയുന്നു.