വിഎസ് അച്യുതാനന്ദന്റെ ഓർമ്മയില്‍ കേരള ഹൗസിലെ 204 നമ്പർ മുറി. ഡൽഹിയില്‍ എത്തിയാല്‍ കേരള ഹൗസിലെ ഇരുനൂറ്റി നാലാം നമ്പർ മുറിയില്‍ മാത്രമേ വിഎസ് അച്യുതാനന്ദന്‍ താമസിച്ചിരുന്നുള്ളു. 204 നമ്പർ മുറി കിട്ടാതിരുന്നപ്പോള്‍ അധികൃതരുമായി കലഹിച്ച ചരിത്രവും വിഎസിനുണ്ട്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആയിരുന്നപ്പോഴുമെല്ലാം വി എസ് ഡൽഹിയിലെത്തിയാല്‍ കേരളഹൗസ് വാര്‍ത്ത കേന്ദ്രമാകുമായിരുന്നു.
കേന്ദ്ര കമ്മിറ്റി യോഗത്തിലും പൊളിറ്റ് ബ്യൂറോ യോഗത്തിലും പങ്കെടുക്കാൻ എത്തുമ്പോഴും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആയിരുന്നപ്പോഴുള്ള ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് എത്തുമ്പോഴും ദില്ലിയിലെ വിഎസിന്റെ മേല്‍വിലാസം റൂം നമ്പർ 204, കേരള ഹൗസ് ആയിരുന്നു. എല്ലാ കാലത്തും ഈ മുറിയോട് ഒരു ഇഷ്ടം വിഎസ് സൂക്ഷിച്ചിരുന്നു. ഡൽഹിയിലെത്തുമ്പോള്‍ ഇവിടെയല്ലാതെ മറ്റൊരിടത്തും വിഎസ് താമസിച്ചിരുന്നില്ല. നാട്ടിലെ പ്രഭാത നടത്തം ഡൽഹിയിലെത്തുമ്പോള്‍ കേരള ഹൗസിലെ വരാന്തയിലൂടെയാകും. ദൃശ്യം പകര്‍ത്താനെത്തിയ മാധ്യമങ്ങള്‍ക്ക് മുന്നിലൂടെ ചെറു പുഞ്ചിരിയുമായി വിഎസ് നടക്കും.
രണ്ട് കഥകള്‍ വിഎസിന് 204 നമ്പർ മുറിയോടുള്ള ഇഷ്ടം കൃത്യമായി പറഞ്ഞുതരും. അതില്‍ ഒന്ന് ഇങ്ങനെയാണ്… ഒരു ദിവസം തന്നെ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവായ വിഎസും ഡൽഹിയിലെത്തി. ആദ്യമെത്തിയ വിഎസ് പതിവ് പോലെ ഇഷ്ടമുറിയായ 204 ല്‍ താമസമാരംഭിച്ചു. എന്നാല്‍ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിക്ക് വിഐപി മുറിയായ 204 എങ്ങനെ നല്‍കണമെന്ന ധർമ്മസങ്കടത്തിലായി കേരള ഹൗസ് അധികൃതര്‍. എന്നാല്‍ വിഎസിന്റെ ഇഷ്ടമറിയാവുന്ന ഉമ്മൻചാണ്ടി 104 നമ്പർ മുറിയില്‍ താമസിക്കാമെന്ന സമ്മതിച്ചതോടെയാണ് അധികൃതർക്ക് ആശ്വാസമായത്.
ഒരിക്കല്‍ ഈ മുറിയെ ചൊല്ലി വിഎസിന് കലഹിക്കേണ്ടി വന്നതാണ് മറ്റൊരു കഥ. ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായ കാലത്ത് ഡൽഹിയിലെത്തിയ വിഎസിന് ഒരുതവണ 204 നമ്പർ മുറി അനുവദിക്കപ്പെട്ടില്ല. പത്ത് ദിവസം മുമ്പ് അറിയിച്ചിട്ടും മന്ത്രിയായ സി രവീന്ദ്രനാഥിനാണ് കേരള ഹൗസ് അധികൃതർ മുറി നല്‍കിയത്. അതൃപ്തനായ വിഎസ് കടുപ്പിച്ചു. ഒതുക്കപ്പെടുന്നുവെന്ന വാർത്തകള്‍ ഉണ്ടായിരുന്ന ആ സമയത്ത് മുറി അനുവദിക്കാത്തതും ചർച്ചയായി. രവീന്ദ്രനാഥ് മുറിയൊഴിഞ്ഞ ശേഷം 204 തന്നെ വിഎസിന് നല്‍കിയ അധികൃതർ ഒടുവില്‍ ഖേദം പ്രകടിപ്പിക്കുകയായിരുന്നു.
വിഎസ് പിണറായി ഉരസലുകള്‍ ശക്തമായിരുന്ന കാലത്ത് വിഎസ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നതും കേരള ഹൗസിലായിരുന്നു. വിഎസിനോടുള്ള ഇഷ്ട്രം മുദ്രാവാക്യങ്ങളായി പലപ്പോഴും കേരളഹൗസിന്റെ ചുമരുകളില്‍ പ്രത്യക്ഷപ്പെട്ടു. ഡൽഹിയിലെ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം പൂര്‍ത്തിയായി കേരള ഹൗസ് വിടുമ്പോള്‍ പലരും നല്‍കിയ ആവശ്യങ്ങളുടെ ഒരു ലിസ്റ്റ് തന്നെ വിഎസിനൊപ്പമുണ്ടാകും. ആവശ്യങ്ങളെല്ലാം കടലാസ്സില്‍ കുറിപ്പായി തെറുത്ത് കയറ്റിയ ജുബ്ബയുടെ മടക്കില്‍ വെച്ച ശേഷമേ അദ്ദേഹം 204 വിട്ടിരുന്നുള്ളൂ.