ഇടുക്കി: കെഎസ്ഇബിയുടെ ഇൻസ്‌പെക്ഷൻ ബംഗ്ലാവിൽ അനധികൃതമായി താമസിച്ചതിന്, മുൻ മന്ത്രി എംഎം മണിയുടെ പേഴ്‌സണൽ സ്റ്റാഫുകൾക്ക് പിഴ. ചിത്തിരപുരം ഐബിയിൽ 2435 ദിവസം പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ അനധികൃതമായി താമസിച്ചതായാണ് കണ്ടെത്തൽ. ഇതോടെ 3.96 ലക്ഷം രൂപയാണ് കെഎസ്ഇബി പിഴയിട്ടിരിക്കുന്നത്.
കെഎസ്ഇബി വിജിലൻസിന്റേതാണ് ഉത്തരവ്. ഇടുക്കി ചിത്തിരപുരത്തെ ഐബിയിലാണ് ഗൺമാൻമാരും ഡ്രൈവറും അനധികൃതമായി താമസിച്ചെന്ന് കെഎസ്ഇബി വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.
മന്ത്രിയായിരുന്ന കാലത്ത് 1237 ദിവസവും നിലവിലെ എംഎൽഎ കാലഘട്ടത്തിൽ കഴിഞ്ഞ സെപ്റ്റംബർ വരെ 1198 ദിവസം ഇവർ ഐബിയിലെ മുറികൾ വാടക നൽകാതെ ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ. ആകെ 3,96,510 രൂപയാണ് വാടകയിനത്തിൽ അടയ്ക്കണമെന്ന് കണ്ടെത്തിയിട്ടുള്ളത്.
അതിൽ മന്ത്രിയായിരുന്ന കാലത്തെ 37,110 രൂപ (ദിവസം 30 രൂപ നിരക്കിൽ) ഒഴിവാക്കി. 1198 ദിവസത്തെ വാടകയിൽ ദിവസം 300 രൂപയെന്നത് 80 രൂപയാക്കി ഇളവ് നൽകി 95,840 രൂപ അടയ്ക്കാനാണ് ഉത്തരവ്. ഗൺമാൻമാർക്കും ഡ്രൈവർക്കും ഇതുസംബന്ധിച്ച നോട്ടീസ് അയച്ചെന്നും തുക ഒടുക്കാൻ ഇവർ സന്നദ്ധത അറിയിച്ചെന്നും കെഎസ്ഇബി അധികൃതർ പറഞ്ഞു.