മുംബൈ: അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തു. യുവതിയെ പ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന് യുവാവ്. മുബൈയിലെ ദിവയിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ദിവ സ്വദേശിയായ രാജൻ സിംഗ് എന്ന 39കാരനെയാണ് സംഭവത്തിൽ റെയിൽവേ പൊലീസ് പിടികൂടിയത്. ഗുഡ്സ് ട്രെയിനിന് മുന്നിലേക്ക് വീണ് ഗുരുതര പരിക്കേറ്റ യുവതി സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. ഇവരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
അക്രമത്തിന് പിന്നാലെ രാജൻ സിംഗ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും റെയിൽവേ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. താനെയിലെ ദിവ മേഖലയിൽ വച്ചാണ് സംഭവം. അഞ്ചാം പ്ലാറ്റ്ഫോമിന് സമീപത്ത് വച്ച് 39കാരനും യുവതിയും തമ്മിൽ തർക്കിക്കുന്നതിനിടെ രാജൻ സിംഗ് യുവതിയെ ഗുഡ്സ് ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. അതിവേഗതയിൽ പോയ ട്രെയിൻ തട്ടി ഗുരുതര പരിക്കേറ്റാണ് യുവതി മരിച്ചത്. സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ റെയിൽവേ പൊലീസ് പിടികൂടുകയായിരുന്നു.
പരസ്പരം പരിചയമുള്ള ആളുകളല്ല യുവാവും യുവതിയുമെന്നാണ് റെയിൽവേ പൊലീസ് വിശദമാക്കുന്നത്. ഡ്രൈവറായ 39കാരൻ യുവതിയോട് മോശമായി പെരുമാറിയിരുന്നു. ഇതിനേ ചൊല്ലി ഇരുവർക്കും ഇടയിൽ വാക്കുതർക്കം ഉണ്ടായിരുന്നു. യുവതിയെ തിരിച്ചറിയാനുള്ള ശ്രമം നടത്തുകയാണെന്ന് പൊലീസ് വിശദമാക്കി. കൊലപാതക കുറ്റം ചുമത്തിയാണ് 39കാരനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇയാളെ ജൂലൈ 22 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.