ധാക്ക: ഇന്ത്യൻ സ്നേഹം തിരിച്ചുപിടിക്കാൻ ‘മാങ്ങ നയതന്ത്ര’വുമായി ബംഗ്ലാദേശ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാമ്പഴങ്ങൾ അയച്ചിരിക്കുകയാണ് ബംഗ്ലദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. ആയിരം കിലോ ‘ഹരിഭംഗ’ മാമ്പഴമാണ് യൂനുസ് മോദിക്കായി അയച്ചിട്ടുള്ളത്. ‘അനുകൂല സാഹചര്യം’ ഉണ്ടായാൽ ബംഗ്ലദേശുമായുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാണെന്ന വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് യൂനുസിന്റെ നടപടി.
മാമ്പഴമടങ്ങിയ കണ്ടെയ്നർ ഇന്ന് ഡൽഹിയിലെത്തുമെന്ന് ന്യൂഡൽഹിയിലെ ബംഗ്ലദേശ് ഹൈക്കമ്മിഷനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ത്രിപുര മുഖ്യമന്ത്രി മണിക് സാഹ എന്നിവർക്കും യൂനുസ് മാമ്പഴം അയച്ചിട്ടുണ്ട്. ഏപ്രിലിൽ ബാങ്കോക്കിൽ നടന്ന ബിംസ്റ്റ്ക് സമ്മേളനത്തിലാണ് മോദിയും യൂനുസും അവസാനമായി കണ്ടത്. ബംഗ്ലാദേശിൽ ഹിന്ദുക്കളുൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം വർധിച്ചതും ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കങ്ങൾ.
അതിനിടെ, ബംഗ്ലാവിമോചന പ്രക്ഷോഭസമയത്ത് പാക്ക് പക്ഷം ചേർന്നു കുറ്റകൃത്യങ്ങൾ നടത്തിയവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടു നടന്ന ഷാഹ്ബാഗ് പ്രക്ഷോഭത്തിന്റെ (2013) ചിഹ്നമായി മാറിയ നിർമിതി ബംഗ്ലാദേശ് തകർത്തു. ധാക്കയിലെ ഷാഹ്ബാഹ് മേഖലയിലുള്ള ‘പ്രോജന്മോ ഛത്തർ’ എന്ന നിർമിതിയാണു ശനിയാഴ്ച രാത്രി ബുൾഡോസർ ഉപയോഗിച്ച് ബംഗ്ലാദേശിലെ പൊതുമരാമത്ത് മന്ത്രാലയം തകർത്തത്.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കഴിഞ്ഞ വർഷം പുറത്താക്കിയ ജൂലൈ പ്രക്ഷോഭത്തിന്റെ സ്മാരകം ഇതിനു പകരം ഇവിടെ നിർമിക്കുമെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിനെതിരെ ബംഗ്ലാദേശിൽ വിമർശനം ഉയർന്നിട്ടുണ്ട്. പാക്കിസ്ഥാനിൽ നിന്നു സ്വാതന്ത്ര്യം തേടിയാണു 1971ൽ ബംഗ്ലാവിമോചനപ്രക്ഷോഭം തുടങ്ങിയത്. ഇന്ത്യ ഇടപെട്ടതോടെ ഇത് ഇന്ത്യ–പാക് യുദ്ധമായി മാറുകയും പാക്കിസ്ഥാൻ പരാജയപ്പെടുകയും ചെയ്തു. തുടർന്നാണു ബംഗ്ലാദേശ് രൂപീകരിക്കപ്പെട്ടത്.