ലണ്ടൻ: പാർലമെന്റിനു സമീപം നടന്ന പ്രതിഷേധത്തെ പിന്തുണച്ച 41 പേരെ അറസ്റ്റു ചെയ്‌ത് ലണ്ടൻ പൊലീസ്. പലസ്തീൻ ആക്ഷൻ എന്ന നിരോധിത പലസ്തീൻ സംഘടനയെ അനുകൂലിച്ചവരെയാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. സമാന സംഭവത്തിൽ കഴിഞ്ഞ ആഴ്‌ച 29 പേരെ അറസ്റ്റു ചെയ്‌തിരുന്നു. സംഘടനയെ പിന്തുണച്ച് മാഞ്ചസ്റ്ററിലെ പ്രതിഷേധത്തിൽ പങ്കെടുത്ത ഏതാനും പേരെയും കഴിഞ്ഞ ദിവസം ലണ്ടൻ പൊലീസ് അറസ്റ്റു ചെയ്‌തിരുന്നു.
ബ്രിട്ടൻ ഇസ്രയേലിനെ പിന്തുണയ്‌ക്കുന്നതിൽ പ്രതിഷേധിച്ച് സംഘടനയിലെ ഏതാനും അംഗങ്ങൾ വ്യോമസേന താവളത്തിൽ അതിക്രമിച്ചുകയറി വിമാനങ്ങൾക്ക് കേടുപാടു വരുത്തിയതിനെ തുടർന്ന് ഈ മാസം ആദ്യം ബ്രിട്ടീഷ് നിയമനിർമാണ സഭ ഭീകരവിരുദ്ധ നിയമപ്രകാരം സംഘടനയെ നിരോധിച്ചിരുന്നു. ഹമാസ്, അൽ–ഖായിദ, ഐഎസ് തുടങ്ങിയ ഭീകരസംഘടനകളുടെ പട്ടികയിലാണ് പലസ്തീൻ ആക്ഷനെയും ഉൾപ്പെടുത്തിയിരിക്കുന്നത്.