കാഠ്മണ്ഡു: അതിർത്തിയിലെ മിതേരി പാലം തകർന്നതിനെത്തുടർന്ന് കുടുങ്ങിയ കൈലാസ് മാനസരോവർ തീർഥാടകർക്ക് ബദൽ പാത തുറക്കാൻ ചൈനയോട് അഭ്യർഥിക്കണമെന്ന് നേപ്പാൾ ട്രക്കിങ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ജൂലൈ 8ലെ സംഭവത്തെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള നൂറുകണക്കിന് തീർഥാടകർ കുടുങ്ങിക്കിടക്കുകയാണെന്ന് ട്രെക്കിങ് ഏജന്റ്സ് അസോസിയേഷൻ ഓഫ് നേപ്പാൾ (ടിഎഎഎൻ) പ്രസ്താവനയിൽ പറഞ്ഞു.
ടാറ്റോപാനി, കൊറോള, ഹിൽസ തുടങ്ങിയ മറ്റു ബദൽ പാതകളിലൂടെ കൈലാസ് മാനസരോവർ സന്ദർശിക്കാൻ തീർത്ഥാടകർക്ക് സൗകര്യമൊരുക്കണമെന്ന് ചൈനയോട് അഭ്യർഥിക്കാൻ സർക്കാരിനോട് ട്രക്കിങ് അസോസിയേഷൻ ആവശ്യപ്പെട്ടു. റസുവ ജില്ലയിലെ നദിയിൽ വെള്ളം പൊങ്ങിയതിനു പിന്നാലെ നേപ്പാളിനെ ചൈനയുമായി ബന്ധിപ്പിക്കുന്ന ‘ഫ്രണ്ട്ഷിപ്പ് പാലം’ എന്നറിയപ്പെടുന്ന മിതേരി പാലം ഒലിച്ചുപോയിരുന്നു. സംഭവത്തിൽ ഒൻപത് പേർ മരിക്കുകയും 19 പേരെ കാണാതാവുകയും ചെയ്തു.
സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ വഴി നേപ്പാളിലൂടെ കൈലാസ് മാനസരോവർ യാത്രയ്ക്ക് പോകുന്ന തീർഥാടകരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. അഞ്ച് വർഷത്തിന് ശേഷമാണ് യാത്രയ്ക്കായി ടിബറ്റിലേക്ക് പ്രവേശിക്കാൻ ഇന്ത്യക്കാർക്ക് ചൈന അനുവാദം നൽകിയത്.