കൊല്ലം: നഗരത്തിൽ ചോരക്കളം തീർത്തു സ്വകാര്യ ബസുകൾ വരുത്തി വച്ച അപകട പരമ്പര. ഇന്നലെ രാവിലെ കോർപറേഷൻ ഓഫിസിനു സമീപം സ്കൂട്ടർ യാത്രക്കാരനാണു സ്വകാര്യ ബസിന്റെ അമിത വേഗത്തിൽപ്പെട്ടു ജീവൻ നഷ്ടമായതെങ്കിൽ വൈകിട്ട് രണ്ട് അധ്യാപികമാർക്കാണു സ്വകാര്യ ബസ് വരുത്തിവച്ച അപകടത്തിൽ പരുക്കേറ്റത്. കോർപ്പറേഷൻ ഓഫിസിനു മുന്നിലുണ്ടായ അപകടത്തിൽ നിർമാണത്തൊഴിലാളിയായ 60 വയസ്സുകാരനാണു മരിച്ചത്.
വൈകിട്ട് നാലരയോടെ അഞ്ചുകല്ലുംമൂട് ജംക്‌ഷനു സമീപമാണു രണ്ടാമത്തെ അപകടം. സ്വകാര്യ ബസ് പിന്നിൽ ഇടിച്ചതിനെ തുടർന്നു മുന്നോട്ടു നീങ്ങിയ കാറിടിച്ച് ഇരുചക്ര വാഹന യാത്രക്കാരായ രണ്ട് അധ്യാപികമാർക്കാണു പരുക്കേറ്റത്.കാവനാട് മുക്കാട് മഠത്തിൽ കടവിൽ റീന ജോർജ് (40), സമീപവാസി എയ്ഞ്ചൽ (39) എന്നിവർക്കാണു പരുക്കേറ്റത്. ഇരുവരും തില്ലേരി സെന്റ് ആന്റണീസ് സ്കൂളിലെ അധ്യാപികമാരാണ്. സ്കൂളിൽ നിന്നു വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം.
ടയർ പഞ്ചർ ആയതിനെ തുടർന്നു നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിനെ മറികടക്കുകയായിരുന്നു അപകടത്തിൽപെട്ട മൂന്ന് വാഹനങ്ങളും. മുന്നിൽ അധ്യാപികമാർ സഞ്ചരിച്ച സ്കൂട്ടറും മധ്യഭാഗത്ത് ഒരു സ്ത്രീ ഓടിച്ച കാറും പിന്നിൽ സ്വകാര്യ ബസും ആണ് കാവനാട് ഭാഗത്തേക്കു പോയത്. വീതികുറഞ്ഞ ഈ ഭാഗത്തു നിർത്താതെ ഹോൺ മുഴക്കി സ്വകാര്യ ബസ് മറികടക്കാൻ ശ്രമിച്ചു.
ഇതിനിടയിൽ കാറിന്റെ പിന്നിൽ ബസ് ഇടിച്ചു. അതിന്റെ ആഘാതത്തിൽ കാർ വേഗത്തിൽ മുന്നോട്ടു നീങ്ങി ഇരുചക്ര വാഹനത്തിൽ ഇടിക്കുകയായിരുന്നു. കാറിന്റെ പിൻഭാഗം തകർന്നു. പരുക്കേറ്റ അധ്യാപികമാരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെസ്റ്റ് പൊലീസ് കേസെടുത്തു.സ്വകാര്യ ബസുകൾ നിരന്തരം ഹോൺ മുഴക്കി അമിത തിടുക്കം കാട്ടുന്നതും മുന്നിലുള്ള മറ്റു വാഹന യാത്രക്കാരെ വിരട്ടുന്നതും നഗരത്തിൽ പതിവാണ്.