ലുധിയാന: അനുമതിയില്ലാതെ രാത്രി വൈകി പുറത്ത് പോയ മരുമകളെ കൊന്ന് ചാക്കിൽ കെട്ടി വഴിയിൽ തള്ളി ഭർത്താവിന്റെ മാതാപിതാക്കൾ. ലുധിയാനയിലാണ് സംഭവം. റോഡിന് സമീപത്ത് നിന്നാണ് ചാക്കിൽ കെട്ടിയ നിലയിൽ രേഷ്മയെന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഉത്തർ പ്രദേശ് സ്വദേശിയായ രേഷ്മ ഭർത്താവിന്റെ മാതാപിതാക്കളോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ചൊവ്വാഴ്ച പുറത്ത് പോയ യുവതി രാത്രി പത്ത് മണി ആയപ്പോഴാണ് തിരികെ വീട്ടിലെത്തിയത്. ഇതിനേ ചൊല്ലിയുള്ള വഴക്കിനിടെ അമ്മായി അച്ഛനും അമ്മായി അമ്മയും ചേർന്ന് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. സംഭവത്തിൽ ഇവരുടെ ഉറ്റ ബന്ധുവും അറസ്റ്റിലായിട്ടുണ്ട്.
ഭർത്താവിന്റെ പിതാവ് കൃഷ്ണൻ, ഭർതൃ മാതാവ് ദുലാരി, ഇവരുടെ ഉറ്റ ബന്ധു അജയ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനാണ് കൃഷ്ണൻ. അനുവാദം വാങ്ങാതെ പുറത്ത് പോവുന്നതിനും ജോലി കഴിഞ്ഞ് വൈകി തിരിച്ച് വീട്ടിലെത്തുന്നതിന്റെ പേരിൽ മരുമകളുമായി സ്ഥിരം വഴക്കുണ്ടായിരുന്നതാണ് പ്രതികൾ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്.
കൊലപാതകത്തിന് ശേഷം കൃഷ്ണനും അജയും ചേർന്നാണ് രേഷ്മയുടെ മൃതദേഹം ചാക്കിൽ കെട്ടി ബൈക്കിൽ കയറ്റി ലിധിയാനയിലെ ആർതി ചൗക്കിന് സമീപത്തെ ഫെറോസ്പൂർ റോഡിൽ തള്ളിയത്. എന്നാൽ മൃതദേഹം തള്ളാനെത്തിയപ്പോൾ ഇവരെ പ്രദേശവാസികൾ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്ത് വന്നത്. അഴുകിയ തക്കാളിയും, ചത്ത നായയുമാണ് ചാക്കിലെന്നായിരുന്നു ഇവർ ചോദ്യം ചെയ്തവരോട് പറഞ്ഞത്. പിന്നാലെ ഇവർ മൃതദേഹമുപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ വെപ്രാളത്തിൽ ബൈക്ക് ഉപേക്ഷിച്ചാണ് ഇവർ ഓടിയത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
രേഷ്മയുടെ ഭർത്താവ് ഉത്തർ പ്രദേശിലാണ് താമസം. ഇയാളും രേഷ്മയും തമ്മിൽ അടുപ്പത്തിലല്ലെന്നാണ് ഭർത്താവിന്റെ ബന്ധുക്കൾ പറയുന്നത്. രേഷ്മയ്ക്ക് അനുസരണയില്ലെന്ന പരാതിയാണ് ഭർത്താവിന്റെ വീട്ടുകാർക്കുണ്ടായിരുന്നത്. കുറച്ച് മാസങ്ങളായി ഭർത്താവിന്റെ മാതാപിതാക്കളോടൊപ്പമായിരുന്നു രേഷ്മ താമസിച്ചിരുന്നത്. മോഷ്ടിച്ച ഇരു ചക്രവാഹനത്തിലാണ് ഇവർ മൃതദേഹം ഉപേക്ഷിക്കാനെത്തിയത്. ലുധിയാനയിലെ മഹാരാജ് നഗറിലാണ് ഇവർ താമസിച്ചിരുന്നത്.