സുപോൾ: അവിഹിതം ആരോപിച്ച് ഭർത്താവിന്റെ അനന്തരവനുമായി യുവതിയെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച് നാട്ടുകാർ. ഭർത്താവിന്റെ അനന്തരവനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് വന്ന ശേഷം രണ്ട് പേരെയും ക്രൂരമായി മർദ്ദിച്ചാണ് നാട്ടുകാർ വിവാഹിതരാക്കിയത്. ബിഹാറിലെ സുപോളിൽ കഴിഞ്ഞ ആഴ്ചയാണ് വിവാഹം നടത്തിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ പൊലീസ് കേസ് എടുത്തു. നാട്ടുകാരായ ചിലരുടെ ക്രൂര മർദ്ദനത്തിൽ സാരമായി പരിക്കേറ്റ അനന്തരവനും അമ്മായിയും ചികിത്സയിൽ തുടരുകയാണ്. ഭീംപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
പൊലീസ് എത്തിയാണ് ഇവരെ നാട്ടുകാരുടെ കയ്യിൽ നിന്ന് രക്ഷപ്പെടുത്തിയത്. സംഭവത്തിൽ പ്രദേശവാസികൾക്കെതിരെ കേസ് എടുത്തതായി ഭീംപൂർ പൊലീസ് വിശദമാക്കി. എട്ട് പേർക്കെതിരെയാണ് കേസ് എടുത്തത്. യുവാവിന്റെ പിതാവിന്റെ പരാതിയിലാണ് കേസ് എടുത്തത്. മിതലേഷ് കുമാർ മുഖിയ എന്ന 24 കാരനെയാണ് നാട്ടുകാർ ക്രൂരമായി ആക്രമിച്ച് അമ്മായിയായ റിത ദേവിയുമായി വിവാഹം കഴിപ്പിച്ചത്. റിത ദേവിയുടെ ഭർത്താവ് ശിവചന്ദ്ര മുഖിയയും ചില ബന്ധുക്കളും നാട്ടുകാരും ചേർന്ന് 24കാരനെ ഇയാളുടെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് വന്നത്. ഭാര്യയ്ക്ക് മിതലേഷുമായി അവിഹിത ബന്ധമുണ്ടെന്നാണ് ശിവചന്ദ്രയുടെ വാദം.
തന്നെയും നാലു വയസ്സുള്ള മകനെയും മറന്ന് ഇങ്ങനെയൊരു ബന്ധം വച്ചുപുലർത്തിയ ഭാര്യയെ ഇനി വേണ്ട എന്നുപറഞ്ഞാണ് ശിവചന്ദ്രയുടെ നേതൃത്വത്തിൽ ബന്ധുക്കളും നാട്ടുകാരും സംഘടിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ വിശദമാക്കുന്നത്. മിതലേഷിനെ വടികൊണ്ടും അല്ലാതെയും അതിക്രൂരമായി മർദിക്കുന്ന വിഡിയോയും പുറത്ത് വന്നിട്ടുണ്ട്. റിതയെ മിതലേഷിനടുത്ത് എത്തിച്ച് നിർബന്ധിച്ച് നെറ്റിയിൽ സിന്ദൂരം ചാർത്തിക്കുകയായിരുന്നു. ഇതിനിടെ നാട്ടുകാരിൽ ഒരാൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.