ഹെൽമണ്ടിലെ 45 വയസുകാരൻ 6 വയസുള്ള അഫ്ഗാൻ പെൺകുട്ടിയെ വിവാഹം കഴിച്ചതായി വാർത്ത. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ഫോട്ടോയിൽ, 45 വയസുള്ള ഒരാൾ താൻ വിവാഹം കഴിച്ച 6 വയസുള്ള പെൺകുട്ടിയുമായി നിൽക്കുന്നതു കാണം. കൂടാതെ ഫോട്ടൊയ്ക്കു താഴെ താലിബാൻ ഭരണത്തിൻ കീഴിൽ വഷളാകുന്ന ശൈശവ വിവാഹ പ്രതിസന്ധിയുടെ വേദനാജനകമായ ഉദാഹരണമാണിതെന്നും കൊടുത്തിരിക്കുന്നു.
ഹെൽമണ്ടിലെ പ്രാദേശിക സ്രോതസുകൾ പറയുന്നതനുസരിച്ച് രണ്ട് ഭാര്യമാരുള്ള ഇയാൾക്കു പണത്തിനായി പെൺകുട്ടിയുടെ പിതാവുതന്നെ കുട്ടിയെ വിവാഹം കഴിപ്പിച്ചു നൽകുകയായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹം ജൂൺ 27 നടന്നതായി ഡെയ്‍ലി മെയിലും റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം കുട്ടിയെ ഭർത്താവിന് കൈമാറുന്നതിന് മുമ്പ്, പ്രാദേശിക താലിബാൻ ഉദ്യോഗസ്ഥർ ഇടപെട്ടുവെന്നാണ് അറിയുന്നത്. പക്ഷെ ഇവർ വിവാഹം വേണ്ടെന്നു വക്കുന്നതിനു പകരം, പെൺകുട്ടിക്ക് 9 വയസു തികയുന്നതുവരെ കാത്തിരിക്കാനും തുടർന്ന് അവളെ വീട്ടിലേക്ക് കൊണ്ടുപോകാനും 45 കാരന് നിർദേശം നൽകി. ബാലവിവാഹം, പ്രത്യേകിച്ച് വളരെ പ്രായമായവരോ, മധ്യവയസ്‌കരോ ആയ പുരുഷന്മാരുമായി ചെറിയ പെൺകുട്ടികളെ നിർബന്ധിതമായി വിവാഹം കഴിപ്പിക്കുന്നത് അഫ്ഗാനിസ്ഥാനിലുടനീളം നടക്കുന്നുണ്ടെന്നും ഡെയ്‍ലി മെയിൽ റിപ്പോർട്ടിൽ പറയുന്നു.