പാരീസ്: പാക്കിസ്ഥാതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ശേഷം റഫാൽ വിമാനങ്ങൾക്കു പ്രശസ്തിയേറിക്കൊണ്ടിരിക്കുകയാണ്. പല രാജ്യങ്ങളും റാഫേൽ വാങ്ങാൻ താൽപര്യമറിയിച്ച് മുന്നോട്ടുവന്നു കഴിഞ്ഞു. എന്നാൽ ഇതിനു തുരങ്കം വയ്ക്കുവാൻ ചൈന ശ്രമിക്കുന്നുണ്ടെന്നു ഫ്രഞ്ച് സൈനിക-രഹസ്യാന്വേഷണ ഉദ്യോഗസ്ഥരരുടെ വെളിപ്പെടുത്തൽ. ഇതിനായി ചൈന എംബസികളെ ഉപയോഗിച്ചതായും ഇവർ പറയുന്നു.
ഇത് ഫ്രാൻസിന്റെ പ്രധാന യുദ്ധവിമാനത്തിന്റെ വിൽപ്പനയും പ്രശസ്തിയും തകർക്കാനുള്ള ശ്രമങ്ങളാണ് ചൈനയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഫ്രഞ്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്യുന്നു. ‘ചൈനയുടെ വിദേശ എംബസികളിലെ ഡിഫൻസ് അറ്റാഷെമാരാണ് റഫാൽ വിൽപ്പനയെ തുരങ്കം വെക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകിയത്. ഫ്രഞ്ച് നിർമിത യുദ്ധവിമാനമായ റഫാൽ ഇതിനകം ഓർഡർ ചെയ്ത രാജ്യങ്ങളെ, പ്രത്യേകിച്ച് ഇൻഡോനീഷ്യയെ, കൂടുതൽ വാങ്ങാതിരിക്കാൻ പ്രേരിപ്പിക്കുകയും പകരം ചൈനീസ് നിർമിത വിമാനങ്ങൾ തിരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിക്കാനും അവർ ശ്രമിച്ചു’ റിപ്പോർട്ടിൽ പറയുന്നു.
മാത്രമല്ല ഇന്ത്യാ- പാക് യുദ്ധത്തിൽ കൂടുതൽ റഫാലുകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന പാക്കിസ്ഥാനെ ഉപയോഗിച്ചുള്ള ചൈനീസ് പ്രചാരണം ഈ യുദ്ധവിമാനം വാങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇവയുടെ പ്രകടനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നതായി ഫ്രഞ്ച് ഉദ്യോഗസ്ഥർ പറയുന്നു. കൃത്രിമ ചിത്രങ്ങൾ, എഐ ഉപയോഗിച്ച് നിർമിച്ച ഉള്ളടക്കങ്ങൾ, കമ്പ്യൂട്ടർ ഗെയിമുകളിലെ ചിത്രങ്ങൾ തുടങ്ങിയവയെല്ലാം ഈ വ്യാജ പ്രചാരണങ്ങൾക്ക് ചൈന ഉപയോഗിച്ചു. ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷം പൊട്ടിപ്പുറപ്പെട്ട സമയത്ത് പുതുതായി സൃഷ്ടിച്ച ആയിരത്തിലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ചൈനീസ് സാങ്കേതിക വിദ്യയുടെ മികവിനെക്കുറിച്ചുള്ള കഥകൾ പ്രചരിപ്പിച്ചതായും ഫ്രഞ്ച് ഗവേഷകർ പറഞ്ഞു.
അതേസമയം ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാനിലെ ലക്ഷ്യങ്ങൾ തകർക്കുന്നതിനായി ഇന്ത്യ റഫാൽ യുദ്ധ വിമാനങ്ങളടക്കം ഉപയോഗിച്ചിരുന്നു. പാക്കിസ്ഥാൻ ചൈനീസ് വിമാനങ്ങളും ആയുധങ്ങളും ഉപയോഗിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് തങ്ങളുടെ ആയുധ വ്യാപാരം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി ചൈന ഇത്തരത്തിൽ എംബസികളെ ഉപയോഗിച്ച് വ്യാജ പ്രചാരണങ്ങൾ നടത്തിയിരുന്നതായുള്ള റിപ്പോർട്ട് പുറത്ത് വരുന്നത്.
സംഘർഷത്തിനിടെ മൂന്ന് റഫാലുകൾ ഉൾപ്പെടെ അഞ്ച് ഇന്ത്യൻ വിമാനങ്ങൾ വെടിവെച്ചിട്ടെന്നാണ് പാക്കിസ്ഥാൻ അവകാശപ്പെട്ടിരുന്നത്. വിമാനങ്ങൾ നഷ്ടപ്പെട്ടതായി ഇന്ത്യൻ സൈന്യം സമ്മതിച്ചിട്ടുണ്ടെങ്കിലും അത് എത്രയെന്ന് പറഞ്ഞിട്ടില്ല. മൂന്ന് ഇന്ത്യൻ വിമാനങ്ങൾ മാത്രമാണ് നഷ്ടപ്പെട്ടതെന്ന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് ഫ്രഞ്ച് വ്യോമസേനാ മേധാവി ജനറൽ ജെറോം ബെല്ലാഞ്ചർ പറഞ്ഞതെന്ന് എപി റിപ്പോർട്ട് ചെയ്യുന്നു. ഒരു റഫാൽ, ഒരു റഷ്യൻ നിർമിത സുഖോയ്, ഒരു മിറാഷ് 2000 വിമാനങ്ങളാണ് സംഘർഷത്തിൽ ഇന്ത്യക്ക് നഷ്ടമായതെന്നും അദ്ദേഹം വ്യക്തമാക്കി.
അതുപോലെ ചൈനീസ് എംബസി ഡിഫൻസ് അറ്റാഷെമാർ മറ്റ് രാജ്യങ്ങളിലെ സുരക്ഷാ, പ്രതിരോധ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചകളിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കഥകൾ ആവർത്തിച്ചെന്നും ഫ്രഞ്ച് രഹസ്യാന്വേഷണ ഏജൻസി പറഞ്ഞു. ഇന്ത്യൻ വ്യോമസേനയുടെ റഫാലുകൾ മോശം പ്രകടനം കാഴ്ചവച്ചെന്ന് അവർ വാദിക്കുകയും ചൈനീസ് നിർമിത ആയുധങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതായും റിപ്പോർട്ട്.
റഫാലുകൾ ഓർഡർ ചെയ്ത രാജ്യങ്ങളെയും ഇനി വാങ്ങാൻ സാധ്യതയുള്ള മറ്റ് രാജ്യങ്ങളെയും ലക്ഷ്യമിട്ടാണ് ഡിഫൻസ് അറ്റാഷെമാർ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് രഹസ്യാന്വേഷണ ഏജൻസി പറഞ്ഞു. ഇത്തരത്തിൽ ചൈന സമീപിച്ച രാജ്യങ്ങളിൽ നിന്നാണ് കൂടിക്കാഴ്ചകളെ കുറിച്ചുംമറ്റും വിവരങ്ങൾ ലഭിച്ചതെന്നും ഫ്രഞ്ച് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എന്നാൽ ഫ്രഞ്ച് രഹസ്യാന്വേഷ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ചൈന പൂർണമായും നിഷേധിച്ചതായും എപി റിപ്പോർട്ട് ചെയ്യുന്നു. ‘വ്യാജ പ്രചാരണങ്ങൾ നടത്തിയെന്ന വാദങ്ങൾ തികച്ചും അടിസ്ഥാനരഹിതമായ കിംവദന്തികളും അപവാദവുമാണ്. ചൈന സൈനിക കയറ്റുമതിയിൽ എല്ലായ്‌പ്പോഴും വിവേകപൂർണ്ണവും ഉത്തരവാദിത്തമുള്ളതുമായ സമീപനം പുലർത്തുന്നു’ എന്നു ചൈനീസ് പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിട്ടുണ്ട്.