ജറുസലം: ഇസ്രയേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ 38 പേര്‍ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിൽ 20 പേർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കൻ ഗാസയിലെ മുവാസിയിൽ 18 പേർ കൊല്ലപ്പെട്ടതായി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഗാസയിലുടനീളം 130 ലക്ഷ്യസ്ഥാനത്താണ് ഇസ്രയേൽ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകൾ.
എന്നാൽ ഗാസയിൽ നടത്തിയ ആക്രമണത്തെ കുറിച്ച് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹമാസിന്റെ കമാൻഡ് സെന്ററുകൾ, ആയുധ സംഭരണ കേന്ദ്രങ്ങള്‍, ലോഞ്ചറുകൾ, മറ്റ് കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടത്തിയത്. ആക്രമണത്തിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിനു പിന്നാലെ ഇസ്രയേൽ ഉന്നതതല സംഘം ഖത്തറിലേക്ക് പോകുന്നതായാണ് പുതിയ റിപ്പോർട്ട്. ഹമാസുമായി ബന്ദി മോചനം, വെടിനിർത്തൽ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്കായാണ് ഇസ്രയേൽ സംഘം ഉടൻ ഖത്തറിലെത്തുക. തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ഇസ്രയേൽ ഉന്നതതല സംഘത്തിന്റെ ഖത്തർ സന്ദർശനം. അതിനിടെ വെടിനിർത്തൽ കരാറിലെത്താൻ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനു മേൽ സമ്മർദം ശക്തമാകുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ട്രംപുമായി നടക്കാനിരിക്കുന്ന ചർച്ച വെടിനിർത്തൽ കരാറിലേക്കും ഹമാസ് തടവിലാക്കിയിരിക്കുന്ന ബന്ദികളുടെ മോചനത്തിനും സഹായകരമാകുമെന്നും നെതന്യാഹു പറഞ്ഞു. വാഷിങ്ടൻ സന്ദർശനത്തിനു മുന്നോടിയായാണ് നെതന്യാഹു ചർച്ചകളിൽ പ്രതീക്ഷ പ്രകടിപ്പിച്ചത്. അതേസമയം വെടിനിർത്തൽ കരാറിൽ എത്തുന്നതിനു വ്യക്തമായ നിർദ്ദേശങ്ങളുണ്ടെന്ന് നെതന്യാഹു പറഞ്ഞു. ഹമാസിന്റെ ഭീഷണി ഇല്ലാതാക്കാൻ താൻ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ട്രംപ് ജനുവരിയിൽ അധികാരത്തിൽ എത്തിയതിനുശേഷം നെതന്യാഹു നടത്തുന്ന മൂന്നാമത്തെ യുഎസ് സന്ദർശനമാണിത്.
അതിനിടെ ഹമാസുമായുള്ള വെടിനിർത്തൽ ഉറപ്പാക്കാൻ നെതന്യാഹുവിനു മേൽ സമ്മർദം ഉയരുന്നതായി രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ് നിർദേശിച്ച വെടിനിർത്തല്‍ നിർദ്ദേശത്തോട് രമ്യമായ രീതിയിലാണ് ഹമാസ് പ്രതികരിച്ചിരിക്കുന്നത്. എന്നാൽ, വെടിനിർത്തൽ നിർദേശത്തിൽ ഹമാസ് ആവശ്യപ്പെട്ട മാറ്റങ്ങൾ ഇസ്രയേല്‍ അംഗീകരിക്കില്ലെന്നാണ് നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചിരിക്കുന്നത്. ഹമാസിനെ നിരായുധീകരിക്കണമെന്നു തന്നെയാണ് ഈ ഘട്ടത്തിലും നെതന്യാഹു ആവർത്തിച്ച് ആവശ്യപ്പെടുന്നത്.