ഇസ്ലാമാബാദ്: ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ അഫ്ഗാനിസ്ഥാനിലാണെങ്കിൽ തങ്ങൾക്ക് ഒന്നും ചെയ്യാനാകില്ലെന്നു മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ. പാശ്ചാത്യൻ രാജ്യങ്ങൾ ഒരുകാലത്ത് ഭീകരവാദികളെന്ന് വിളിച്ചിരുന്നവർക്ക് തന്നെ ഇപ്പോൾ അധികാരം കൈമാറി. നാറ്റോയ്ക്ക് അഫ്ഗാനിസ്ഥാനിൽ ചെയ്യാൻ കളിയാത്തത് പാകിസ്താന് അവിടെ ചെയ്യാനാകില്ല -പീപ്പിൾസ് പാർട്ടി അധ്യക്ഷൻ കൂടിയായ ബിലാവൽ ഭൂട്ടോ പറഞ്ഞു.
നിലവിൽ അസർ എവിടെയാണെന്ന് പാക്കിസ്ഥാന് അറിയില്ല. പാക് മണ്ണിൽ മസൂദ് അസർ ഉണ്ട് എന്നതിന്റെ വിവരം ഇന്ത്യ കൈമാറാൻ തയ്യാറാണെങ്കിൽ അറസ്റ്റ് ചെയ്യുന്നതിൽ പാക്കിസ്ഥാന് സന്തോഷമേ ഉള്ളൂ. ഹാഫിസ് സയീദ് സ്വതന്ത്രനാണ് എന്നത് വസ്തുതാപരമായി ശരിയല്ലെന്നും ബിലാവൽ ഭൂട്ടോ പറഞ്ഞു.
അയാൾ പാക് കസ്റ്റഡിയിലാണ്. മസൂദ് അസറിനെക്കുറിച്ച് തങ്ങൾക്ക് അറിയില്ല. മസൂദ് അസറിന്റെ തിരിച്ചറിയാനോ അറസ്റ്റ് ചെയ്യാനോ സാധിച്ചിട്ടില്ല. അയാളുടെ ഭൂതകാല പശ്ചാത്തലം കണക്കിലെടുക്കുമ്പോൾ, അയാൾ അഫ്ഗാനിസ്ഥാനിൽ ഉണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം. പാക് മണ്ണിൽ മസൂദ് അസർ ഉണ്ട് എന്നതിന്റെ തെളിവുകൾ ഇന്ത്യ പാക്കിസ്ഥാനുമായി പങ്കുവെച്ചാൽ അയാളെ അറസ്റ്റ് ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. എന്നാൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് അത്തരത്തിൽ ഒരു സമീപനം ഉണ്ടായിട്ടില്ല- ബിലാവൽ ഭൂട്ടോ ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം അറസ്റ്റ് ചെയ്യാൻ, മസൂദ് അസറിന്റെ എന്തു വിവരങ്ങൾ ഇന്ത്യ നൽകണമെന്നാണ് പാക്കിസ്ഥാൻ പ്രതീക്ഷിക്കുന്നത് എന്ന ചോദ്യത്തിന്, ഏതെങ്കിലും രാജ്യവുമായി ഭീകരവിരുദ്ധ സഹകരണം ഉണ്ടാകുമ്പോൾ ഞങ്ങൾ ഞങ്ങളുടെ ആശങ്കകളും അവർ അവരുടെ ആശങ്കകളും പങ്കുവെക്കും. അങ്ങനെയാണ് ലണ്ടനിലെ ആക്രമണങ്ങൾ, ന്യൂയോർക്കിലെ ആക്രമണങ്ങൾ, പാകിസ്താനിലെ ആക്രമണങ്ങൾ എന്നിവ തടയാനായത്- ബിലാവൽ ഭൂട്ടോ പറഞ്ഞു.
2001-ലെ പാർലമെന്റ് ആക്രമണം, 2008-ലെ മുംബൈ ഭീകരാക്രമണം, 2016-ലെ പത്താൻകോട്ട് ആക്രമണം, 2019-ലെ പുൽവാമ ഭീകരാക്രമണം തുടങ്ങി നിരവധി ഭീകരാക്രമണങ്ങളിൽ മസൂദ് അസറിന് പങ്കുണ്ടെന്ന് ഇന്ത്യ നേരത്തെ കണ്ടെത്തിയിരുന്നു. നേരത്തെ ഇന്ത്യയിൽ പിടിയിലായ അസറിനെ 1999-ലെ കാണ്ഡഹാർ വിമാനം റാഞ്ചലിനു പിന്നാലെയാണ് വിട്ടയച്ചത്. 2019-ലാണ് അസറിനെ യുഎൻ ആഗോള ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തു.