തിരുവനന്തപുരം: തലസ്ഥാനത്ത് ജവഹർ നഗറിലെ പ്രവാസി വനിതയുടെ കോടികൾ വിലമതിക്കുന്ന ഭൂമി വ്യാജ ഇഷ്ടദാന കരാറുണ്ടാക്കി ഭൂ മാഫിയ തട്ടിയെടുത്ത് മറിച്ചുവിറ്റു. ഭൂ മാഫിയക്കുവേണ്ടി ഇടനിലക്കാരായി പ്രവർത്തിച്ച രണ്ട് സ്ത്രീകൾ പൊലീസിന്റെ പിടിയിലായി. പ്രവാസിയായ സ്ത്രീയുടെ വളർത്തുമകൾ ചമഞ്ഞ് വ്യാജരേഖയുണ്ടാക്കിയ മെറിൻ ജേക്കബ് എന്ന യുവതി സംഭവത്തിൽ മുഖ്യകണ്ണിയാണെന്ന് മ്യൂസിയം പൊലിസ് പറഞ്ഞു. രാഷ്ട്രീയ പ്രവർത്തകർ ഉൾപ്പെടുന്ന വൻ മാഫിയയാണ് തട്ടിപ്പിന് പിന്നിലെന്നാണ് പൊലിസ് നിഗമനം.
അമേരിക്കയിൽ സ്ഥിരതാമസമാക്കിയി ഡോറ അസറിയ ക്രിസ്തിന് 10 മുറികള്ളുള്ള വീടും 14 സെൻറ് വസ്തുവുമാണ് ജവഹർ നഗറിലുണ്ടായിരുന്നത്. ഈ ഭൂമി നോക്കിനടത്താൻ ഒരു ബന്ധുവിനെയാണ് ഡോറ ഏൽപ്പിച്ചിരുന്നത്. ഭൂമിയുടെ കരമടക്കാൻ ബന്ധുവായ അമൃത്നാഥ് പോൾ വില്ലേജ് ഓഫീസിനെ സമീപിച്ചപ്പോൾ മറ്റൊരാളുടെ ഉടമസ്ഥതയിലേക്ക് മാറ്റിയെന്നാണ് അറിഞ്ഞത്. അമൃത് നാഥ് നൽകിയ പരാതിയിലാണ് മ്യൂസിയം പൊലിസ് കേസെടുത്തത്.
കവടിയാർ വില്ലേജ് ഓഫീസിലെ രേഖകൾ പ്രകാരം ഡോറയുടെ വളർത്തുമകൾ മെറിൻ ജേക്കബിന് ഭൂമിയും വീടും ഇഷ്ടദാനമായി എഴുതി നൽകി രജിസ്റ്റർ ചെയ്തിരുന്നു. തനിക്ക് വളർത്തുമകളില്ലെന്നും അടുത്തിടെ നാട്ടിലെത്തിയിരുന്നില്ലെന്നും ഡോറ മ്യൂസിയം എസ്എച്ച്ഒ വിമലിനെ രേഖാമൂലം അറിയിച്ചു. ഇതോടെയാണ് വൻ റാക്കറ്റിലേക്ക് അന്വേഷണം നീണ്ടത്. കൊല്ലം സ്വദേശി മെറിൻ ഇഷ്ടദാനമായി വാങ്ങിയ ഭൂമി കോൺഗ്രസിന്റെ പ്രാദേശിക നേതാവ് അനിൽ തമ്പിയുടെ ഭാര്യ പിതാവ് രാജസേനൻ എന്നയാൾക്കാണ് വിറ്റത്. അഞ്ചുകോടിയലധികം രൂപ വിലവരുന്ന വസ്തു ഒന്നരകോടിക്കാണ് വിലയാധാരം ചെയ്തത്.
ഇഷ്ടദാനത്തിനായി ഉപയോഗിച്ച രേഖകളെല്ലാം വ്യാജമാണെന്ന് പൊലിസ് കണ്ടെത്തി. രണ്ടുമാസം നീണ്ട അന്വേഷണത്തിനൊടുവിൽ ഡോറയായി ആൾമാറാട്ടം നടത്തിയ രജിസ്ട്രേഷൻ ഓഫീസിലെത്തി ഇഷ്ടദാന രേഖകളിൽ ഒപ്പിട്ടത് മണ്ണന്തല മുക്കോല സ്വദേശിയായ വസന്തയാണെന്ന് കണ്ടെത്തി. ക്യാൻസർ രോഗിയായ വസന്തക്ക് ഭൂമി മാഫിയ പണം നൽകിയാണ് ആൾമാറാട്ടത്തിന് ഉപയോഗിച്ചത്. ഭൂ മാഫിയ സംഘത്തിലെ കണ്ണിയാണ് വളർത്തുമകളെന്ന് വ്യാജേന ഇഷ്ടദാനം എഴുതിവാങ്ങിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
വിദേശത്തേക്ക് പോയ മെറിനുവേണ്ടി പൊലിസ് ലുക്ക് ഔട്ട് നോട്ടീസിറക്കി. യൂറോപ്പിൽ നിന്ന് ഇന്നലെ വിമാനത്താവളത്തിലെത്തിയ മെറിനെയും പൊലിസ് പിടികൂടി. തലസ്ഥാനത്ത് പ്രവർത്തിക്കുന്ന വൻ ഭൂമാഫിയ സംഘവും ഉദ്യോഗസ്ഥരും ചേർന്നുള്ള സംഘമാണ് കോടികൾ വിലമതിക്കുന്ന പ്രവാസിയുടെ ഭൂമി തട്ടിയെടുത്തതെന്ന് പൊലിസ് പറയുന്നു.
രജിസ്ട്രേഷന് പിന്നിൽ പ്രവർത്തിച്ച വെണ്ടറും ഭൂമി വാങ്ങിയവരും ഉൾപ്പെടെ ഒളിവിലാണെന്നും പൊലിസ് പറയുന്നു. മതിയായ രേഖകളില്ലാതെ എങ്ങനെ ഭൂമി വാങ്ങിയതെന്നാണ് ഭൂമി വാങ്ങിയവരെ സംശയത്തിലാക്കുന്നത്. വീടുവാങ്ങിയവർ പണിയും നടത്തി തുടങ്ങി. പൊലിസ് ഇടപെട്ട് ജോലി നിർത്തിവച്ചു. ഇനിയും മാഫിയ സംഘത്തെ അറസ്റ്റ് ചെയ്യാനുണ്ട്.