മെൽബൺ: ലഗേജിൽ സൂക്ഷിച്ചിരുന്ന പാമ്പ് പുറത്ത് ചാടി വിമാനത്തിനുള്ളിലെത്തിയതിന് പിന്നാലെ സർവ്വീസ് വൈകിയത് മണിക്കൂറുകൾ. വിമാനത്തിന്റെ കാർഗോ ഹോൾഡിലാണ് ജീവനക്കാർ പാമ്പിനെ കണ്ടെത്തിയത്. കാർഗോ ഹോൾഡിനും പാനലുകൾക്കുമിടയിലായി പാമ്പിനെ കണ്ടതോടെ ടേക്ക് ഓഫിനൊരുങ്ങിയ വിമാനത്തിന്റെ യാത്ര വൈകുകയായിരുന്നു. ഓസ്ട്രേലിയയിലെ മെൽബണിലാണ് സംഭവം. ചൊവ്വാഴ്ച വിർജിൻ ഓസ്ട്രേലിയ വിമാനത്തിൽ കയറാനായി എത്തിയ യാത്രക്കാരാണ് വിമാനത്തിൽ പാമ്പിനെ കണ്ടത്.
മെൽബണിൽ നിന്ന് ബ്രിസ്ബേനിലേക്ക് പുറപ്പെടാനൊരുങ്ങിയ വിഎ 337 വിമാനത്തിനുള്ളിലാണ് അസാധാരണ സംഭവങ്ങളുണ്ടായത്. പിന്നാലെ തന്നെ വിമാനത്താവള അധികൃതർ പാമ്പ് പിടുത്തക്കാരെ സഹായത്തിനായി വിളിക്കുകയായിരുന്നു. കാർഗോ ഹോൾഡിലെ പാനലിന് പിന്നിലായി പതിഞ്ഞ് കിടക്കുകയായിരുന്നു പാമ്പ്. വിമാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വളരെ എളുപ്പത്തിൽ എത്താൻ കഴിയുന്ന രീതിയിലായിരുന്നു പാമ്പ് കിടന്നിരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വിഷമേറിയ പാമ്പുകളുള്ള സ്ഥലങ്ങളിലൊന്നായതിനാൽ അതീവ ശ്രദ്ധയോടെയാണ് പാമ്പ് പിടിക്കാനെത്തിയ ജീവനക്കാരൻ പെരുമാറിയത്.
ആദ്യ ശ്രമം പാളിയാൽ പാമ്പ് വിമാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് നീങ്ങിയേക്കാനുള്ള സാധ്യതകൾ ഏറെയായിരുന്നു. ഇങ്ങനെ സംഭവിച്ചാൽ പിന്നീട് ബോയിംഗ് 737 ബോർഡ് ചെയ്ത ആളുകളെ ഇറക്കിയ ശേഷം അഴിച്ച് പരിശോധിക്കേണ്ട അവസ്ഥ നേരിടുമായിരുന്നു. അരമണിക്കൂറിലേറെ പരിശ്രമിച്ച ശേഷമാണ് പാമ്പിനെ പിടികൂടാൻ സാധിച്ചത്. ബ്രിസ്ബേനിൽ സാധാരണമായി കാണാറുള്ള ഗ്രീൻ ട്രീ പാമ്പിനെയാണ് രക്ഷിച്ചത്. രണ്ട് അടിയോളമായിരുന്നു ഇതിന് നീളമുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിൽ ആരോ രഹസ്യമായി ലഗേജിൽ കടത്തിയ പാമ്പ് വെളിയിൽ ചാടിയതായാണ് സംശയിക്കപ്പെടുന്നത്.