തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ താരമാണ് നടൻ മോഹൻലാൽ. കാലങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തിൽ ഒട്ടനവധി സിനിമകൾ സമ്മാനിച്ച അദ്ദേഹം ഇന്ന് ഇന്റസ്ട്രി ഹിറ്റുകൾ വരെ മലയാളത്തിന് നൽകി കഴിഞ്ഞു. നിരവധി സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. സോഷ്യൽ മീഡിയയിൽ എപ്പോഴും മോഹൻലാൽ തരംഗമാകാറുണ്ട്. നടന്റെ യാത്രകൾ, ഫോട്ടോകൾ, വീഡിയോകൾ എല്ലാം ഏറെ ശ്രദ്ധനേടും. അത്തരത്തിലൊരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
ജിഎസ്ടി ദിനാചാരണത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു മോഹൻലാൽ. ഇതിനിടെ ബൈറ്റെടുക്കാൻ മോഹൻലാലിനെ മാധ്യമസംഘം വളയുകയും ചെയ്തു. ഇതിനിടെ പ്രതികരണം എടുക്കാനെത്തിയൊരു മാധ്യമത്തിന്റെ മൈക്ക് നടന്റെ കണ്ണിൽ തട്ടുകയായിരുന്നു. വേദന അനുഭവപ്പെട്ടെങ്കിലും ‘എന്താ മോനേ.. ഇതൊക്കെ കണ്ണിലേക്ക്’ എന്നാണ് അദ്ദേഹം സംയമനത്തോടെ പ്രതികരിച്ചത്. വാഹനത്തിലേക്ക് കയറിയ ശേഷം ‘അവനെ ഞാൻ നോക്കി വച്ചിട്ടുണ്ടെ’ന്ന് തമാശരൂപേണ നടൻ പറയുന്നുമുണ്ട്. ഈ ഒരു സന്ദർഭത്തെ സംയമനത്തോടെ കൈകാര്യം ചെയ്ത മോഹൻലാലിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത്.
കനത്ത പൊലീസ് കാവലിനിടെയായിരുന്നു സംഭവം. വ്യക്തിഗത ജിഎസ്ടി അടച്ചവരിൽ മുന്നിലെത്തിയതിനുള്ള പുരസ്കാരം സ്വീകരിക്കാനാണ് മോഹൻലാൽ ചടങ്ങിനെത്തിയത്.
അതേസമയം, കണ്ണപ്പയാണ് മോഹൻലാലിൻറേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. മോഹൻലാൽ അതിഥി വേഷത്തിലെത്തിയ ഈ തെലുങ്ക് പടത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത് വിഷ്ണു മഞ്ചു ആണ്. കണ്ണപ്പയിൽ പ്രഭാസും അതിഥി വേഷത്തിൽ എത്തിയിരുന്നു. തുടരും ആണ് മലയാളത്തിൽ മോഹൻലാലിൻറേതായി ഏറ്റവും ഒടുവിലെത്തിയ സിനിമ. തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയം കൊയ്തിരുന്നു. കേരള ബോക്സ് ഓഫീസിൽ മാത്രം 100 കോടി ക്ലബ്ബിൽ ഇടം നേടി ആദ്യ ചിത്രവുമായി തുടരും. ശോഭന ആയിരുന്നു നായിക വേഷത്തിൽ എത്തിയത്.