ഇടുക്കി: ഉപ്പുതറ പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ കോടികളുടെ ക്രമക്കേടെന്നു കണ്ടെത്തൽ. പദ്ധതിവഴി അനർഹരായ 150 പേർ വീടുകൾ തട്ടിയെടുത്തതായി കണ്ടെത്തി. ഇവർ രാഷ്ട്രീയ സ്വാധീനവും ഉദ്യോഗസ്ഥ ബന്ധവും മുതലെടുത്താണ് തട്ടിപ്പ് നടത്തിയതെന്നു വിജിലൻസ് കണ്ടെത്തൽ. 27 പേർ സർക്കാരിൽ നിന്ന് തട്ടിയെടുത്തത് 1.14 കോടി രൂപയെന്നും പ്രാഥമിക കണക്ക്.
അതേസമയം സിപിഐഎം പ്രതിനിധിയും കോൺഗ്രസ് നേതാവുമുൾപെടെയുള്ളവർ തട്ടിപ്പ് നടത്തിയതായാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡൻറും ഉൾപ്പെടെ 27 പേർക്കെതിരെയാണ് ആദ്യ ഘട്ടത്തിൽ നടപടി സ്വീകരിക്കുക. കഴിഞ്ഞ എൽഡിഎഫ് ഭരണ സമിതിയുടെ കാലത്താണ് സർക്കാർ പണം ഇങ്ങനെ തട്ടിയെടുത്തത്. അതുപോലെ പഴയ വീട് പെയിൻ്റടിച്ച് പണം തട്ടിയവരും വാടകയ്ക്ക് കൊടുത്തവരും ഇക്കൂട്ടത്തിലുണ്ട്.
ഈ തട്ടിപ്പുകളെല്ലാം നടത്തിയിരിക്കുന്നതു ഉദ്യോഗസ്ഥരുടെയും വാർഡ് മെമ്പറുടെയും ഒത്താശയോടെയാണ് വിജിലൻസ് കണ്ടെത്തൽ. 2022 ലെ പ്രാഥമിക അന്വേഷണത്തിൽ 27 പേരെ കണ്ടെത്തിയിരുന്നു. സർക്കാരിന് നഷ്ടമായ ഒരു കോടി പതിനാല് ലക്ഷം രൂപ പലിശ സഹിതം തിരിച്ചടപ്പിക്കണമെന്ന് വിജിലൻസ് അന്ന് നിർദ്ദേശം നൽകിയെങ്കിലും രാഷ്ട്രീയ സമ്മർദ്ദം മൂലം നോട്ടീസയക്കുക മാത്രമാണ് ചെയ്തതത്.
പിന്നീട് കഴിഞ്ഞ ദിവസം പരിശോധനയ്ക്കെത്തിയ വിജിലൻസ് ഇതുവരെയുള്ള നടപടി സംബന്ധിച്ച് വിശദീകരണം തേടിയപ്പോഴാണ് പഞ്ചായത്ത് വീണ്ടും ഉണർന്നത്. ഇപ്പോഴത്തെ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റും സിപിഐഎം അംഗവുമായ വി പി ജോണും, കോൺഗ്രസ് ഉപ്പുതറ മണ്ഡലം പ്രസിഡൻ്റ് വി എസ് ഷാലും അടക്കമുള്ളവർ തട്ടിപ്പുനടത്തിയവരിൽ പെടുന്നുണ്ട്. ഒന്നരയേക്കർ സ്ഥലമുള്ള വി പി ജോൺ ഡിവിഷൻ മെമ്പറായിരിക്കെ മൂന്ന് സെൻ്റ് സ്ഥലം മാത്രമാണുള്ളതെന്ന് കാണിച്ചാണ് വീട് തട്ടിയെടുത്തത്. വി എസ് ഷാലാണ് അനർഹമായി ലഭിച്ച വീട് നിയമം ലംഘിച്ച് വിൽപ്പന നടത്തുകയായിരുന്നു.