ഗുവാഹത്തി: തെരുവിൽ അലഞ്ഞു നടന്നിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തിൽ 2 ജയിൽ ഉദ്യോഗസ്ഥർ അറസ്റ്റിൽ. അസമിലെ ശ്രീഭൂമി ജില്ലയിലാണ് സംഭവം. രാത്രിയിൽ അലഞ്ഞുനടക്കുകയായിരുന്ന യുവതിയെ ജയിൽ കോമ്പൗണ്ടിലേക്കു വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണു റിപ്പോർട്ട്. പട്രോളിങ് സംഘമാണ് പ്രതികളായ ജയിൽ ഉദ്യോഗസ്ഥരെ പിടികൂടിയത്.
ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. സംഭവത്തിൽ ഹരേശ്വർ കലിത, ഗജേന്ദ്ര കലിത എന്നീ ജയിൽ ഗാർഡുമാരെ അറസ്റ്റ് ചെയ്തു. ഇരുവരും ഗുവാഹത്തി സ്വദേശികളാണ്. പീഡനത്തിനിരയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അസം പോലീസ് അറിയിച്ചു.
“രണ്ടുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്, കൂടുതൽ അന്വേഷണം നടക്കുന്നു. മാനസിക വെല്ലുവിളി നേരിടുന്ന ഇരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവൾ തെരുവിൽ ഒറ്റയ്ക്കായിരുന്നുവെന്ന് സംശയിക്കുന്നു, ഇതു പ്രതികൾ മുതലെടുത്തുവെന്ന് സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ഞങ്ങൾക്ക് വിവരം ലഭിച്ചയുടനെ സംഭവ സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്,” ശ്രീഭൂമി അഡീഷണൽ പോലീസ് സൂപ്രണ്ട് പ്രണബ്ജ്യോതി കലിത പറഞ്ഞു.