ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജസ്ഥാനിലെ വൈകാരിക പ്രസംഗത്തിന് മറുപടിയുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എന്തുകൊണ്ടാണ് ക്യാമറകൾ ഓണായിരിക്കുമ്പോൾ മാത്രം നരേന്ദ്ര മോദിക്ക് രക്തം തിളയ്ക്കുന്നതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. നരേന്ദ്ര മോദി പൊളളയായ പ്രസംഗങ്ങൾ അവസാനിപ്പിക്കണം എന്ന് പറയുന്ന എക്സ്പോസ്റ്റിൽ മൂന്ന് ചോദ്യങ്ങളാണ് രാഹുൽ ചോദിക്കുന്നത്.‘മോദിജീ, പൊളളയായ പ്രസംഗങ്ങൾ അവസാനിപ്പിക്കൂ, തീവ്രവാദത്തെക്കുറിച്ചുളള പാകിസ്ഥാന്റെ പ്രസ്താവന എന്തിനാണ് വിശ്വസിച്ചതെന്ന് ഞങ്ങളോട് പറയൂ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു മുന്നിൽ തലകുനിച്ചുകൊണ്ട് നിങ്ങൾ രാജ്യതാൽപ്പര്യം ബലികഴിച്ചത് എന്തിനാണ്? ക്യാമറകൾക്ക് മുന്നിൽ മാത്രം നിങ്ങളുടെ രക്തം തിളയ്ക്കുന്നത് എന്തുകൊണ്ടാണ്? താങ്കൾ രാജ്യത്തിന്റെ അഭിമാനത്തിന് കോട്ടംവരുത്തി’- രാഹുൽ എക്‌സിൽ കുറിച്ചു.
നരേന്ദ്ര മോദിയുടെ പ്രസംഗത്തിനെതിരെ നേരത്തെ കോൺഗ്രസ് വക്താവ് ജയറാം രമേശും രംഗത്തെത്തിയിരുന്നു. പൊതുറാലികളിൽ സിനിമാ ഡയലോഗുകൾ പറയുന്നതിനു പകരം പ്രധാനമന്ത്രി അദ്ദേഹത്തോട് ചോദിക്കുന്ന ഗൗരവമേറിയ ചോദ്യങ്ങൾക്കുളള ഉത്തരം നൽകുകയാണ് ചെയ്യേണ്ടതെന്ന് ജയറാം രമേശ് പറഞ്ഞു.
‘പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർ ഇപ്പോഴും സ്വതന്ത്രരായി തുടരുന്നത് എന്തുകൊണ്ടാണ്? കഴിഞ്ഞ 18 മാസത്തിനിടെ പൂഞ്ച്, ഗഗാംഗീർ, ഗുൽമാർഗ് എന്നിവിടങ്ങളിൽ നടന്ന മൂന്ന് ഭീകരാക്രമണങ്ങൾക്ക് അവർ ഉത്തരവാദികളായിരുന്നുവെന്നാണ് പുറത്തുവരുന്ന ചില റിപ്പോർട്ടുകൾ. എന്തുകൊണ്ടാണ് താങ്കൾ ഒരു സർവ്വകക്ഷി യോഗത്തിലും പങ്കെടുക്കാത്തതും പ്രതിപക്ഷ പാർട്ടികളെ വിശ്വാസത്തിലെടുക്കാത്തതും. ഉത്തരം നൽകൂ’- എന്നാണ് ജയറാം രമേശ് പറഞ്ഞത്.