ന്യൂഡൽഹി: നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ക്കാൻ ശ്രമിച്ചവരെ നമ്മൾ മണ്ണിൽ ലയിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് 22 മിനിറ്റിനുള്ളിൽ ഇന്ത്യ തിരിച്ചടിച്ചെന്ന് പറഞ്ഞ പ്രധാനമന്ത്രി പാക് ഭീകര സംഘടനകളുമായി ബന്ധമുള്ള ഏകദേശം 100 ഭീകരരെ ഓപ്പറേഷൻ സിന്ദൂറിലൂടെ ഇല്ലാതാക്കിയെന്നും പറഞ്ഞു. മാത്രമല്ല സിന്ദൂരം വെടിമരുന്നാകുന്നതിന് ഈ ലോകം സാക്ഷിയായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പഹൽഗാം ആക്രമണം നടന്നിട്ട് കൃത്യം ഒരുമാസമായ ഇന്ന് ഓപ്പറേഷൻ സിന്ദൂർ വിവരിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പാക്കിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും നിരവധി സ്ഥലങ്ങൾ ലക്ഷ്യമിട്ട് നടത്തിയ പ്രതികാര സൈനിക ആക്രമണമായിരുന്നു ഓപ്പറേഷൻ സിന്ദൂർ എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7 ന് ഇന്ത്യ തിരിച്ചടിയായി സൈനിക നടപടി ആരംഭിച്ചു. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധമുള്ള ഏകദേശം 100 ഭീകരരെ ഈ ഓപ്പറേഷനിൽ ഇല്ലാതാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.