ശ്രീനഗർ∙ 48 മണിക്കൂറിനിടെ നടന്ന രണ്ട് ഓപ്പറേഷനുകളിലായി 6 ഭീകരവാദികളെ വധിച്ചതായി സേനകൾ. സൈന്യവും സിആർപിഎഫും ജമ്മു കശ്മീർ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. മൂന്നു സേനകളും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെല്ലെർ, ഷോപിയാൻ, ത്രാൽ മേഖലകളിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്.
‘‘കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ സേനകൾ രണ്ട് വിജയകരമായ ഓപ്പറേഷനുകൾ നടത്തി. അതിൽ കാര്യമായ നേട്ടം കൈവരിക്കാനായി. ഷോപിയാൻ, ത്രാൽ, കെല്ലർ മേഖലകളിലാണ് ഈ രണ്ട് ഓപ്പറേഷനുകളും നടത്തിയത്. ആറ് ഭീകരരെ വധിച്ചു. കശ്മീർ താഴ്‌വരയിലെ ഭീകരരെ ഇല്ലാതാക്കാൻ സേനകൾ പ്രതിജ്ഞാബദ്ധരാണ്’’– കശ്മീർ പോലീസ് ഐജി വി.കെ. ബിർഡി പറഞ്ഞു.
അതേസമയം കൊല്ലപ്പെട്ട ആറ് ഭീകരരിൽ ഒരാളായ ഷാഹിദ് കുട്ടേ രണ്ട് പ്രധാന ആക്രമണങ്ങളിൽ ഉൾപ്പെട്ടിരുന്നു. ജർമൻ വിനോദസഞ്ചാരിക്കെതിരായ ആക്രമണവും ഇതിൽ ഉൾപ്പെടുന്നു. ഭീകരവാദത്തിന് ഫണ്ട് ലഭ്യമാക്കുന്ന പ്രവർത്തനങ്ങളിലും ഇയാൾക്ക് പങ്കുണ്ടെന്ന് മേജർ ജനറൽ ധനഞ്ജയ് ജോഷി പറഞ്ഞു. ലഷ്കർ അനുബന്ധ സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ടിന്റെ ചീഫ് ഓപ്പറേഷണൽ കമാൻഡറാണ് ഷാഹിദ് കുട്ടെ. ഷോപ്പിയാനിലെ ചോട്ടിപോറ ഹീർപോര പ്രദേശത്തെ താമസക്കാരനായ കുട്ടെ 2023ലാണ് ഭീകരസംഘടനയിൽ ചേർന്നത്.
ഓപ്പറേഷൻ നാദർ ദൗത്യത്തിന്റെ ഭാഗമായിട്ടാണ് വ്യാഴാഴ്ച തിരച്ചിൽ നടത്തിയത്. ഇതിനിടെ ഭീകരർ സൈന്യത്തിനു നേരെ വെടിവെച്ചു. തുടർന്ന് നടത്തിയ ഏറ്റുമുട്ടലിലാണ് മൂന്നുപേരെയും വധിച്ചത്. ഇതിൽ ആസിഫ് ഷെയ്‌ക്ക് പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയിരുന്നു. ഇയാളുടെയും ഷാഹിദ് കുട്ടെയുടെയും വീടുകൾ സ്ഫോടനത്തിൽ തകർത്തിരുന്നു.
അതേസമയം എകെ സീരീസ് റൈഫിളുകൾ, 12 മാഗസിനുകൾ, മൂന്ന് ഗ്രനേഡുകൾ, മറ്റ് ആയുധങ്ങൾ എന്നിവ സേന കണ്ടെടുത്തു. അതിനിടെ, പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച ആദിൽ തോക്കർ, അലി ഭായ്, ഹാഷീം മൂസ എന്നിവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.