തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ അതി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിയായ സീനിയർ അഭിഭാഷകൻ ബെയിലിൻ ദാസ് മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ബെയിലിൻ ദാസ് ജാമ്യാപേക്ഷ നൽകിയത്. തനിക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കുന്നില്ലെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിലെ വാദം. താൻ ബോധപൂർവ്വം സ്ത്രീത്വത്തെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടില്ലെന്ന് ബെയിലിൻ ദാസ് വാദിക്കുന്നു.
അതേസമയം സംഭവത്തിൽ പ്രതിയായ സീനിയർ അഭിഭാഷകനെ പിടികൂടാൻ വൈകുന്നതിൽ അഭിഭാഷകയുടെ കുടുംബം കടുത്ത അതൃപ്തി അറിയിച്ചു. പ്രതിയായ ബെയിലിൻ ദാസിനെ അഭിഭാഷക മർദ്ദിച്ചെന്ന ബാർ അസോസിയഷൻ സെക്രട്ടറിയുടെ പ്രസ്താവന കള്ളമാണെന്നും കുടുംബം വ്യക്തമാക്കി. പരാതിക്കാരിയായ അഭിഭാഷക ശ്യാമിലിയ്ക്കെതിരെ ഇന്നലെ ന്യൂസ് അവറിലായിരുന്നു ബാർ അസോസിയേഷൻ സെക്രട്ടറി ജി മുരളീധരൻറെ ഗുരുതര ആരോപണം. എന്നാൽ കള്ളം പ്രചരിപ്പിക്കുകയാണ് ബാർ അസോസിയേഷൻ സെക്രട്ടറിയെന്നും ജാമ്യം കിട്ടാനുള്ള പ്രചാരണമാണിതെന്നും ശ്യാമിലി മർദ്ദിച്ചിട്ടുണ്ടെങ്കിൽ തെളിവ് ഹാജരാക്കട്ടെ എന്നുമായിരുന്നു അമ്മ വസന്ത പറയുന്നത്.
മാത്രമല്ല സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതിയെ പിടകൂടാനാകാത്തതിൽ വിഷമമുണ്ടെന്നും കുടുബം ആവശ്യപ്പെടുന്നു. അതേസമയം പ്രതിക്കായി അന്വേഷണം തുടരുകയാെന്നാണ് വഞ്ചിയൂർ പോലീസ് വ്യക്തമാക്കുന്നത്. അതേസമയം പ്രതി കോടതിയിൽ കീഴടങ്ങാനുള്ള സാധ്യതയും പോലീസ് തള്ളുന്നില്ല. കൂടാതെ ബെയിലിൻ ദാസിൻ്റെ ഭാര്യയ്ക്ക് പോലീസ് നോട്ടീസ് നൽകി. ചോദ്യം ചെയ്യലിന് വഞ്ചിയൂർ സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്.