വാഷിങ്ടൺ: ഗാസയിലെ ജനങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ എടുത്തുകാട്ടി യുഎസ് സെനറ്റ് യോഗത്തിനിടെ വൻ പ്രതിഷേധം. ബെൻ ആൻഡ് ജെറിസ് എന്ന ജനപ്രിയ ഐസ്ക്രീം ബ്രാൻഡിന്റെ സഹസ്ഥാപകനായ ബെൻ കോഹനും ചിലരുമാണ് ഗാസയിലെ ദുരന്തത്തിൽ പ്രതിഷേധിച്ചത്. ബഡ്ജറ്റ് പ്രൊപ്പോസൽ സമയത്തായിരുന്നു പ്രതിഷേധം. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
‘യുഎസ് കോൺഗ്രസ് ഗാസയിലെ കുഞ്ഞുങ്ങളെ കൊല്ലാനുളള ബോംബുകൾക്ക് പണം നൽകുന്നു’ എന്ന് അലറിവിളിച്ചുകൊണ്ടാണ് ബെന്നും സംഘവും പ്രതിഷേധിച്ചത്. സംഭവം നടക്കുന്ന സമയത്ത് ആരോഗ്യ സെക്രറ്ററി റോബർട്ട് എഫ് കെന്നഡി ജൂനിയർ ഡിപ്പാർട്ട്മെന്റിന്റെ ബഡ്ജറ്റ് പ്രൊപ്പോസൽ അവതരിപ്പിക്കുകയായിരുന്നു. ബെന്നും സംഘവും പ്ലക്കാർഡുകളും മറ്റുമായി എഴുന്നേൽക്കുന്നതും ഉടനെ ഉദ്യോഗസ്ഥർ ഞെട്ടുന്നതുമടക്കം പുറത്തുവന്ന വീഡിയോയിൽ കാണാം. ശേഷം ഇവരെ പോലീസ് ബലം പ്രയോഗിച്ച് പുറത്തുകൊണ്ടുപോകുകയായിരുന്നു. തുടർന്ന് അറസ്റ്റ് ചെയ്തു. സംഘംചേരുക, യോഗം തടസപ്പെടുത്തുക തുടങ്ങിയ വകുപ്പുകളാണ് ബെന്നിനെതിരെ ചുമത്തിയിട്ടുള്ളത്.
അതേസമയം ഇസ്രയേലിനോട് ഗാസയിലെ വിശക്കുന്ന കുഞ്ഞുങ്ങൾക്കായി ഭക്ഷണം എത്തിച്ചുനൽകാനും ബെൻ ആവശ്യപ്പെട്ടു. എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന സാഹചര്യത്തിലാണ് ഗാസയിലെ കുഞ്ഞുങ്ങൾ ഇപ്പോൾ ഉള്ളതെന്നും, ഇവയ്ക്ക് പകരം ഇരുപത് ബില്യൺ ഡോളറിൻറെ ബോംബുകളാണ് യുഎസ് ഇസ്രയേലിന് നൽകുന്നത് എന്നും ബെൻ കോഹൻ പറഞ്ഞു. ഭൂരിഭാഗം അമേരിക്കക്കാരും ഇപ്പോൾ നടക്കുന്നതിനെ എതിർക്കുന്നെന്നും ബെൻ പറഞ്ഞു.
കൂടാതെ യുഎസ് തങ്ങളുടെ ബജറ്റിന്റെ പകുതിയും യുദ്ധ ആവശ്യങ്ങൾക്കായി മാറ്റിവെയ്ക്കുന്നുവെന്നും, ആളുകളെ കൊല്ലുന്ന ഈ പ്രവൃത്തി നമ്മുടെ രാജ്യം എന്താണെന്ന് കാണിച്ചുതരികയാണെന്നും ബെൻ അഭിപ്രായപ്പെട്ടു. ഈ പണത്തിന്റെ പകുതി ലോകമെമ്പാടുമുള്ള നല്ല കാര്യങ്ങൾക്കായി ഉപയോഗിച്ചാൽ ഇത്തരം യുദ്ധങ്ങൾ ഉണ്ടാകുകയില്ല എന്നും ബെൻ പറഞ്ഞു. രാജ്യങ്ങൾ തമ്മിൽ പ്രശ്നങ്ങളുണ്ടാകാം, എന്നാൽ ആളുകളെ കൊല്ലാതെത്തന്നെ അവ ഒത്തുതീർപ്പാക്കാമെന്നും ബെൻ കൂട്ടിച്ചേർത്തു.
I told Congress they’re killing poor kids in Gaza by buying bombs, and they’re paying for it by kicking poor kids off Medicaid in the US. This was the authorities’ response. pic.twitter.com/uOf7xrzzWM
— Ben Cohen (@YoBenCohen) May 14, 2025