തിരുവനന്തപുരം: ഏറെ കോലഹലങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ടുകൊണ്ടാണ് പാർട്ടിക്കാരുടെ സ്വന്തം ’സണ്ണി വക്കീൽ’ എന്ന സണ്ണി ജോസഫ് എംഎൽഎ കെപിസിസി അധ്യക്ഷനായി ചുമതലയേൽക്കുന്നത്. നിയമം പഠിച്ച് രണ്ടു പതിറ്റാണ്ടോളം അഭിഭാഷകനായിരുന്നുവെങ്കിലും ഇപ്പോൾ വക്കീൽ വേഷമിടാറില്ല, പകരം വക്കീൽ അനുഭവം പയറ്റിത്തെളിഞ്ഞത് കേരള നിയമ സഭയിൽ.
സുധാകരനെ തന്നെ കെപിസിസി അധ്യക്ഷനായി നിലനിർത്തണമെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ നിന്നും ഉയർന്നുവന്നുവെങ്കിലും കണ്ണൂരുകാരനെ തന്നെ കെപിസിസി അധ്യക്ഷനാക്കി. തുടക്കം മുതൽ ആന്റോ ആന്റണിയുടേയും സണ്ണി ജോസഫ് എംഎൽഎയുടേയും പേരുകളായിരുന്നു ഉയർന്നു കേട്ടത്. ഒടുവിൽ കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎൽഎയെ തിരഞ്ഞെടുക്കുകയായിരുന്നു. സുധാകരനെ അടക്കി നിർത്താനുള്ള വജ്രായുധമായാണ് സണ്ണി ജോസഫ് എന്ന തുറുപ്പ് ചീട്ട് പാർട്ടിയിറക്കിയതെന്നും സൂചനയുണ്ട്.
കൂടാതെ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള അകൽച്ച സംഘടനാ സംവിധാനത്തെ നിശ്ചലമാക്കുന്നെന്ന വിലയിരുത്തൽ ഹൈക്കമാൻഡിനുമുണ്ട്. പ്രധാന വിഷയങ്ങളിൽപ്പോലും കൂട്ടായ ചർച്ചയിലൂടെ പൊതുനിലപാട് സ്വീകരിക്കാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്റിനെ മാറ്റിയത്.
മാത്രമല്ല ക്രിസ്ത്യൻ വിഭാഗത്തിൽനിന്ന് പ്രസിഡന്റ് വേണമെന്ന അഭിപ്രായത്തിനായിരുന്നു കേരളത്തിലെ നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ആശയവിനിമയത്തിൽ ഉരുത്തിരിഞ്ഞിരുന്നു. എകെ ആന്റണി സജീവ നേതൃത്വത്തിൽനിന്ന് പിന്മാറുകയും ഉമ്മൻ ചാണ്ടി അന്തരിക്കുകയും ചെയ്തതിനുശേഷം ക്രിസ്ത്യൻ വിഭാഗത്തിൽനിന്ന് മുൻനിര നേതാക്കളില്ലെന്നത് പോരായ്മയാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കൂടാതെ ക്രൈസ്തവ വോട്ടുകൾ നേരിയ തോതിലെങ്കിലും ബിജെപിയിലേക്ക് പെട്ടിയിലേക്കു വീഴുമെന്ന ആശങ്ക പാർട്ടിക്കുണ്ട്.
അതേസമയം സുധാകരനെ മാറ്റുമ്പോൾ ഈഴവ വിഭാഗത്തിൽനിന്നുണ്ടാകാവുന്ന എതിർപ്പും കണക്കിലെടുത്തു. അതുകൊണ്ടാണ് ഈഴവ വിഭാഗത്തിൽനിന്ന് പരിഗണിക്കപ്പെട്ട അടൂർ പ്രകാശിന് യുഡിഎഫ് കൺവീനർ സ്ഥാനം നൽകിയത്.
തൊടുപുഴയിൽനിന്ന് ഉളിക്കൽ പുറവയലിലേക്കു കുടിയേറിയതാണു സണ്ണി ജോസഫിന്റെ കുടുംബം. കെഎസ്‍യു വഴി രാഷ്ട്രീയക്കാരനായി. കണ്ണൂർ ഡിസിസി പ്രസിഡന്റ് ആയിരുന്നു. ഇതിനിടെ, കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കറ്റ് അംഗവും ഉളിക്കൽ സർവീസ് സഹകരണബാങ്ക്, തലശ്ശേരി കാർഷിക വികസന ബാങ്ക്, മട്ടന്നൂർ ബാർ അസോസിയേഷൻ, ഇരിട്ടി എജ്യുക്കേഷൻ സൊസൈറ്റി എന്നിവയുടെ പ്രസിഡന്റായി.
നിയമസഭയിലേക്ക് ആദ്യ മത്സരം മത്സരിച്ചത് പേരാവൂരിൽ 2011ൽ. സിറ്റിങ് എംഎൽഎ കെ.കെ. ശൈലജക്കെതിരെ തറപറ്റിച്ച് തുടക്കം. പിന്നീട് 2016ലും 2021ലും വിജയം ആവർത്തിച്ചു. ഇരിട്ടി തന്തോടാണു താമസം. ഭാര്യ എൽസി ജോസഫ്. മക്കൾ ആശ റോസ്, ഡോ. അഞ്ജു റോസ്.