ഡല്‍ഹി: പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫിനെ കെപിസിസിയുടെ പുതിയ അധ്യക്ഷനായി നിയമിച്ചു. കെ.സുധാകരനു പകരമായാണ് നിയമനം. കെ. സുധാകരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാകും.അടൂര്‍ പ്രകാശാണ് യുഡിഎഫിന്റെ പുതിയ കണ്‍വീനര്‍. പി.സി.വിഷ്ണുനാഥ്, എ.പി. അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരെ കെപിസിസിയുടെ പുതിയ വര്‍ക്കിങ് പ്രസിഡന്റുമാരായി നിയമിച്ചു. ഇതു സംബന്ധിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വാര്‍ത്താകുറിപ്പ് പുറത്തിറക്കി.
നിലവിലെ യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസ്സനെയും വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി.എന്‍. പ്രതാപന്‍, ടി. സിദ്ദീഖ് എന്നിവരെ പദവിയില്‍ നിന്നൊഴിവാക്കി. പുതിയ വര്‍ക്കിങ് പ്രസിഡന്റായി നിയമിതനായ പി.സി.വിഷ്ണുനാഥിനെ എഐസിസി സെക്രട്ടറി പദവിയില്‍നിന്നു നീക്കി. ഡോ.അഖിലേഷ് പ്രസാദ് സിങ്ങും പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായിരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു.
രണ്ടു പതിറ്റാണ്ടോളം അഭിഭാഷകനായിരുന്നു സണ്ണിജോസഫ്. ഇപ്പോള്‍ വക്കീല്‍ വേഷമിടാറില്ലെങ്കിലും പാര്‍ട്ടിക്കാര്‍ക്കു ‘സണ്ണി വക്കീല്‍’ ആണു സണ്ണി ജോസഫ് എംഎല്‍എ തൊടുപുഴയില്‍നിന്ന് ഉളിക്കല്‍ പുറവയലിലേക്കു കുടിയേറിയതാണു കുടുംബം. കെഎസ്‌യു വഴി രാഷ്ട്രീയക്കാരനായി. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് ആയിരുന്നു. ഇതിനിടെ, കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കറ്റ് അംഗവും ഉളിക്കല്‍ സര്‍വീസ് സഹകരണബാങ്ക്, തലശ്ശേരി കാര്‍ഷിക വികസന ബാങ്ക്, മട്ടന്നൂര്‍ ബാര്‍ അസോസിയേഷന്‍, ഇരിട്ടി എജ്യുക്കേഷന്‍ സൊസൈറ്റി എന്നിവയുടെ പ്രസിഡന്റായി. തരക്കേടില്ലാതെ വോളിബോള്‍ കളിക്കും.
നിയമസഭയിലേക്ക് ആദ്യ മത്സരം പേരാവൂരില്‍ 2011ല്‍. സിറ്റിങ് എംഎല്‍എ കെ.കെ.ശൈലജക്കെതിരെ ജയം. 2016ല്‍ ഇവിടെ ജയം ആവര്‍ത്തിച്ചു. നിയമബിരുദധാരി. നിയമം പഠിച്ചത് കോടതിയെക്കാള്‍ പ്രയോജനപ്പെട്ടതു നിയമസഭാ ചര്‍ച്ചകള്‍ക്കിടെയുള്ള വാദപ്രതിവാദത്തില്‍. ഇരിട്ടി തന്തോടാണു താമസം. ഭാര്യ എല്‍സി ജോസഫ്. മക്കള്‍ ആശ റോസ്, ഡോ.അഞ്ജു റോസ്