കോട്ടയം: തിരുവാതുക്കലില്‍ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയും കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അമിത് ഉറാങ്ങിന്റെ മൊഴിയിൽ ഉടനീളം ഞെട്ടിപ്പിക്കുന്ന വൈരാഗ്യത്തിന്റെ കഥ. തന്‍റെ കുടുംബത്തെ നശിപ്പിച്ചതിലുള്ള അടങ്ങാത്ത പ്രതികാരമാണ് കൊലയ്ക്ക് പിന്നിലെന്ന് പല്ലു കടിച്ചുകൊണ്ടാണ് അമിത് പൊലീസിനോട് വിവരിച്ചത്. മൊഴി നൽകുന്നതിനിടെ ‘വിജയൻ.. വിജയൻ’ എന്നു പല തവണ അലറി വിളിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.വിജയകുമാർ മോഷണ കേസില്‍ തന്നെ അറസ്റ്റ് ചെയ്യിച്ചതാണ് പകയുടെ തുടക്കമെന്ന് അമിത് പറഞ്ഞു.
എത്ര തവണ പറഞ്ഞിട്ടും കേസ് പിന്‍വലിക്കാന്‍ വിജയകുമാര്‍ തയാറായില്ല. താന്‍ ജയിലില്‍ പോകുന്ന സമയത്ത് ഭാര്യ ഗര്‍ഭിണിയായിരുന്നു. ഏറെക്കാലത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. ജയിലിലായിരുന്ന സമയം ഭാര്യയുടെ ഗര്‍ഭം അലസിപോയി. പിറ്റേന്ന് നാട്ടുകാർ കൊലപാതക വിവരം അറിയുമെന്ന് അറിയാമായിരുന്നു. ആളുകൾ ‘വിജയനെ’ മോശമായി കാണട്ടെയെന്നു കരുതിയാണ് വിവസ്ത്രനാക്കിയതെന്നും അമിത് പൊലീസിനോട് പറഞ്ഞു.
വിജയകുമാറിനെ മാത്രം കൊലപ്പെടുത്തുക ആയിരുന്നു തന്റെ ലക്ഷ്യം. എന്നാല്‍ ആരാ ആരാ എന്നു ചോദിച്ചു മീര വന്നപ്പോള്‍ തന്നെ തിരിച്ചറിയുമെന്ന് മനസിലാക്കി. ഇതോടെയാണ് മീരയേയും കൊലപ്പെടുത്തിയത്. ‘വിജയാ…വിജയാ’ എന്നുവിളിച്ചുകൊണ്ടാണ് വിജയകുമാറിനെ കൊലപ്പെടുത്തിയത്. ഈ ശബ്ദം കേട്ടാണ് മീര പുറത്തേക്ക് എത്തിയതെന്നും അമിത് പറഞ്ഞു. തന്നെ മുൻപരിചയം ഉള്ളതിനാൽ വീട്ടിലെ വളർത്തുനായ കുരയ്ക്കില്ലെന്ന് അറിയാമായിരുന്നു. എങ്കിലും വീട്ടുവളപ്പിനുള്ളിൽ കയറിയ ഉടനെ നായയുടെ അടുത്തെത്തി കയ്യിൽ കരുതിയ പലഹാരം നൽകിയെന്നും അമിത് പൊലീസിനോട് പറഞ്ഞു.