തൃശ്ശൂർ: നടൻ ഷൈൻ ടോം ചാക്കോയ്ക്ക് പോലീസ് സ്റ്റേഷനിൽ ഹാജരാകുമ്പോൾ അഭിഭാഷകരൊന്നുമില്ലെന്ന് നടന്റെ പിതാവ് സിപി ചാക്കോ. അവന്റെ സുഹൃത്തുക്കൾ ആരെങ്കിലും ഒപ്പമുണ്ടാകും. നിയമോപദേശം തേടിയിട്ടില്ല. കേസ് ആയിട്ടില്ല. കേസായി വരുമ്പോൾ ആലോചിക്കാം. പത്തുകൊല്ലം കേസ് നടത്തി പരിചയമുണ്ട്. കേസ് എപ്പോഴാണ് ആവുന്നത് എന്ന് നമുക്കറിയാം. അത് ആവുമ്പോൾ അതിനെക്കുറിച്ച് ആലോചിക്കാം. അഭിഭാഷകനോട് സംസാരിക്കേണ്ട ഘട്ടം എത്തിയിട്ടില്ല. ഇതിപ്പോ ഇങ്ങനെ കുറേ ഓലപ്പാമ്പുകളല്ലേ. അത് കഴിഞ്ഞ് കേസ് ആവുമ്പോൾ വക്കീലിനെ ബന്ധപ്പെടാം. കുറ്റംചെയ്തിട്ടുണ്ടങ്കിൽ അല്ലേ കേസ് ആവുക’, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി സിപി ചാക്കോ പറഞ്ഞു.
അതേസമയം സർക്കാർ നോട്ടീസ് അയച്ചാൽ പ്രതികരിക്കാതിരിക്കാൻ കഴിയില്ലെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച വൈകീട്ട് മൂന്നുമണിക്ക് ഷൈൻ നോർത്ത് സ്‌റ്റേഷനിൽ ഹാജരാകുമെന്നാണ് മാധ്യമങ്ങൾക്കു മുൻപിൽ നടന്റെ പിതാവ് പറഞ്ഞത്. സ്വകാര്യഹോട്ടലിൽനിന്ന് ഇറങ്ങി ഓടിയതിനെക്കുറിച്ചുള്ള നോട്ടീസാണ് പോലീസ് തന്നിട്ടുള്ളത്. ഷൈൻ വീട്ടിൽ ഇല്ല. അവർ ആദ്യം ഒരു സമയം പറഞ്ഞു. അത് പറ്റില്ലെന്ന് പറഞ്ഞു. അവിടേക്ക് ആൾക്ക് ഇവിടേക്കു ഓടി എത്തേണ്ടേയെന്നും പിതാവ് ചോദിച്ചു.
നേരത്തെ ഷൈൻ ടോം ചാക്കോയെ ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെത്തുടർന്ന് പോലീസ് വീട്ടിലെത്തി നോട്ടീസ് കൈമാറിയിരുന്നു. ഷൈൻ വീട്ടിൽ ഇല്ലാത്തതിനെത്തുടർന്ന് പിതാവായിരുന്നു നോട്ടീസ് കൈപ്പറ്റിയത്. ഇതിന് ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു സിപി ചാക്കോ.