ജിദ്ദ: ഹജ്ജ് തീർത്ഥാടനം അടുത്തുവരുന്ന സാഹചര്യത്തിൽ ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങളിലെ പൗരന്മാർക്ക് വിസകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവച്ച് സൗദി അറേബ്യ. ജൂൺ പകുതി വരെയുള്ള ഉംറ, ബിസിനസ്, സന്ദർശക വിസകൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്.
ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഈജിപ്ത്, ഇന്തോനേഷ്യ, ഇറാഖ്, നൈജീരിയ, ജോർദാൻ, അൾജീരിയ, സുഡാൻ, എത്യോപ്യ, ടുണീഷ്യ, യെമൻ, മൊറോക്കോ എന്നിവയുൾപ്പെടെ 14 രാജ്യങ്ങൾക്കാണ് സൗദിയുടെ നിരോധനം ബാധകമാവുക. മതിയായ രജിസ്‌ട്രേഷൻ ഇല്ലാതെ വ്യക്തികൾ ഹജ്ജ് നിർവഹിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് നീക്കം. പക്ഷെ ഉംറ വിസയുള്ളവർക്ക് ഏപ്രിൽ 13 വരെ സൗദി അറേബ്യയിൽ എത്താം.
മുൻപ് വിദേശ പൗരന്മാർ ഉംറ, വിസിറ്റ് വിസകളിലെത്തി ഔദ്യോഗിക അനുമതിയില്ലാതെ ഹജ്ജിൽ പങ്കെടുക്കാൻ നിയമവിരുദ്ധമായി തങ്ങിയിരുന്നു. തിരക്കും കടുത്ത ചൂടും വർധിച്ച സാഹചര്യത്തിലാണ് അധികൃതർ നിരോധനം ഏർപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. 2024ൽ ഹജ്ജിനിടെ തിരക്കിൽപ്പെട്ട് കുറഞ്ഞത് 1,200 തീർത്ഥാടകരെങ്കിലും മരിച്ചിരുന്നു.
തീർത്ഥാടകരുടെ എണ്ണം നിയന്ത്രിക്കുന്നതിനായി ഓരോ രാജ്യത്തിനും പ്രത്യേക ഹജ്ജ് സ്ലോട്ടുകൾ അനുവദിക്കുന്ന ഒരു ക്വാട്ട സംവിധാനമാണ് രാജ്യത്തുള്ളത്. മതിയായ രേഖകളില്ലാതെ എത്തുന്നവർക്ക് നിയമവിരുദ്ധമായ തൊഴിൽ ചെയ്യുന്നതിലൂടെ വിസ നിയമങ്ങൾ ലംഘിക്കുകയും തൊഴിൽ വിപണി തടസങ്ങൾ സൃഷ്ടിച്ചതായി അധികൃതർ പറഞ്ഞു. ഉത്തരവ് ലംഘിക്കുന്നവർക്ക് അഞ്ച് വർഷത്തെ പ്രവേശന വിലക്ക് നേരിടേണ്ടിവരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. നയതന്ത്ര വിസകൾ, റെസിഡൻസി പെർമിറ്റുകൾ, ഹജ്ജുമായി ബന്ധപ്പെട്ട വിസകൾ എന്നിവയെ ഇത് ബാധിക്കില്ലെന്നും അധികൃതർ അറിയിച്ചു.