പാലക്കാട്: സുരേഷ് ഗോപിക്ക് ആക്ഷനും കട്ടും പറയേണ്ടത് തെരഞ്ഞെടുത്ത ജനങ്ങളാണെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. കമ്മീഷണർ സിനിമ ഇറങ്ങിയ ശേഷം കാറിന് പിന്നിൽ എസ്പിയുടെ തൊപ്പി വച്ച് കുറക്കാലം യാത്ര ചെയ്തയാളാണ് സുരേഷ് ഗോപി. തെരഞ്ഞെടുപ്പിന് മുൻപ് തൃശൂരുകാർ അനുഭവിക്കുമെന്ന് പറഞ്ഞിരുന്നു. അതുശരിയായെന്നും പരിഹസിച്ചു ഗണേഷ് കുമാർ പറഞ്ഞു.
‘അദ്ദേഹത്തിനല്ല കുഴപ്പം തെരഞ്ഞെടുത്ത തൃശൂരുകാർക്കാണ് കുഴപ്പം പറ്റിയത്. അതിൽ കൂടുതൽ എന്തുപറയാനാണ് ഞാൻ?. ഏതായാലും തൃശൂരുകാർക്ക് എന്തെങ്കിലുമൊക്കെ ഉപകാരമുണ്ടാകട്ടെയെന്ന് പ്രാർഥിക്കുന്നു. വർഷങ്ങൾക്ക് മുൻപ് ഇദ്ദേഹം ഭരത് ചന്ദ്രനായി അഭിനയിച്ച ശേഷം കാറിന്റെ പുറകിൽ എപ്പോഴും ഒരു തൊപ്പിയുണ്ടായിരിക്കും. പണ്ട് സാധാരണ എസ്പിമാരൊക്കെ പോകുമ്പോൾ അവരുടെ തൊപ്പി അഴിച്ചുവച്ച് കാറിന്റെ സിറ്റിൽ വച്ചിരിക്കും. ഞാൻ തമാശ പറഞ്ഞതല്ല, ഇദ്ദേഹത്തിന്റ കാറിന് പിറകിൽ കുറെക്കാലം ഐപിഎഎസ് എന്നെഴുതിയ തൊപ്പി വച്ചിട്ടുണ്ടായിരുന്നു. അത്രയേ പറയാനുള്ളൂ. ആക്ഷനൊക്കെ അവരവരുടെ ഇഷ്ടമാണ്. ഞാൻ സംവിധായകനലല്ലോ കട്ട് പറയാൻ. ആക്ഷനും റിയാക്ഷനുമൊക്കെ അവരവരുടെ ഇഷ്ടമാണ്. കട്ട് പറയേണ്ട സംവിധായകർ പറയും. ഇവിടെ അത് ജനങ്ങളാണ്’ ഗണേഷ് കുമാർ പറഞ്ഞു