ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിനെ എതിര്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) അധ്യക്ഷന്‍ ജോസ് കെ. മാണി. ബില്ലിനെ മുഴുവനായി വിലയിരുത്തുമ്പോള്‍ ജനാധിപത്യവിരുദ്ധമായ കാര്യങ്ങളുണ്ട്. ബില്‍ മുനമ്പം പ്രശ്‌നം പരിഹരിക്കുന്ന സാഹചര്യമൊരുക്കുമെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
‘ബില്ലിനെ പൊതുവായി നോക്കുമ്പോള്‍ ജനാധിപത്യവിരുദ്ധമായ കാര്യങ്ങളുണ്ട്. അതിനെ എതിര്‍ക്കും. മുനമ്പത്ത് പ്രശ്‌നപരിഹാരത്തിന് സാഹചര്യമൊരുക്കുന്നു എന്നത് പ്രധാനമാണ്. വഖഫ് ബോര്‍ഡിലും കൗണ്‍സിലിലും അമുസ്ലിങ്ങളെ കൊണ്ടുനിറയ്ക്കുന്നു എന്നത് ഭരണഘടനാവിരുദ്ധമാണ്, ന്യൂനപക്ഷ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണ്. അതിനെ എതിര്‍ക്കും’, ജോസ് കെ. മാണി ന്യൂസിനോട് പറഞ്ഞു.
വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട കേസുകള്‍ ട്രിബ്യൂണലില്‍നിന്ന് കോടതിയിലേക്ക് മാറുന്നത് ഗുണകരമാണെന്നാണ് കേരള കോണ്‍ഗ്രസ് (എം) ന്‍റെ വിലയിരുത്തല്‍. മുനമ്പം പ്രശ്‌നം പരിഹരിക്കാന്‍ അത് സഹായിക്കുമെങ്കില്‍ സ്വാഗതാര്‍ഹമാണെന്നും ജോസ് കെ. മാണി വ്യക്തമാക്കുന്നു.
അതേസമയം, കഴിഞ്ഞദിവസം ലോക്‌സഭ പാസാക്കിയ ബില്‍ വ്യാഴാഴ്ച രാജ്യസഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജുവാണ് ബില്‍ അവതരിപ്പിച്ചത്. കോണ്‍ഗ്രസ് അടക്കം മറ്റ് പാര്‍ട്ടികളോട് ബില്ലിനെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായി കിരണ്‍ റിജിജു പറഞ്ഞു. ബില്‍ അവതരിപ്പിക്കവെ മുനമ്പം പ്രശ്‌നം കിരണ്‍ റിജിജു പരാമര്‍ശിച്ചു.
കേരളത്തിലെ മുമ്പത്ത് 600-ഓളം ക്രിസ്ത്യന്‍ കുടുംബങ്ങളുടെ ഭൂമിയില്‍ അവകാശവാദം ഉന്നയിച്ചിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ അഭ്യര്‍ഥന കേരളത്തിലെ എംപിമാര്‍ കേള്‍ക്കുമെന്നാണ് പ്രതീക്ഷയെന്ന് കിരണ്‍ റിജിജു പറഞ്ഞു. കര്‍ണാടകയില്‍നിന്നുള്ള നാസര്‍ ഹുസൈനാണ് കോണ്‍ഗ്രസില്‍നിന്ന് ബില്ലിനെ എതിര്‍ത്ത് ആദ്യം സംസാരിച്ചത്.