ലക്നൗ: ഉത്തർപ്രദേശിൽ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി പേര് റജിസ്റ്റർ ചെയ്തവരിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ സഹോദരിയും ഭർത്താവും. യുപിയിലെ അംറോഹ ജില്ലയിൽനിന്ന് ഷമിയുടെ സഹോദരി ഷബിനയും ഭർത്താവും ഭർതൃസഹോദരിയും തൊഴിലുറപ്പു പദ്ധതിയിൽ റജിസ്റ്റർ ചെയ്തതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. 2021 മുതൽ തൊഴിലുറപ്പു പദ്ധതി പ്രകാരം ബാങ്ക് വഴി ഇവർ പണം സ്വീകരിക്കുന്നുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാൽ ഇക്കാര്യത്തിൽ ഷമിയോ, കുടുംബാംഗങ്ങളോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. തൊഴിലുറപ്പ് മേഖലയിൽ സർക്കാർ ഫണ്ട് അനർഹർ തട്ടിയെടുക്കുന്നതായി ആരോപണമുയർന്നിട്ടുണ്ട്. ഷമിയുടെ സഹോദരി ഷാബിനയുടെ ഭർതൃമാതാവ് ഗുലേ ഐഷ ഗ്രാമാധ്യക്ഷ കൂടിയാണ്. 657 തൊഴിൽ കാർഡുകൾ നൽകിയതിൽ 473–ാമത്തെ പേരാണ് ഷാബിനയുടേത്. ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2021 മുതൽ ഇതുവരെ 70,000 രൂപയോളം കൂലിയായി വന്നിട്ടുണ്ടെന്നാണു വിവരം.
ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിന്റെ താരമാണെങ്കിലും ഷമി ഉത്തർപ്രദേശ് സ്വദേശിയാണ്. മാത്രമല്ല താരത്തിന്റെ കുടുംബം യുപിയിലാണു താമസിക്കുന്നത്. ഐപിഎൽ മത്സരങ്ങളുടെ ഭാഗമായി സൺറൈസേഴ്സ് ഹൈദരാബാദിന്റെ ക്യാംപിലാണ് ഷമിയുള്ളത്. കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസിന്റെ താരമായിരുന്ന ഷമിയെ 10 കോടി രൂപയ്ക്കാണ് ഹൈദരാബാദ് സ്വന്തം തട്ടകത്തിലെത്തിച്ചത്.