ദുബായ്: ടൂർണമെന്റിലെ അവസാന ദിവസത്തേക്ക് തന്റെ ആവനാഴിയിലെ അവസാന അമ്പും കാത്തുവച്ച ക്യാപ്റ്റൻ രോഹിത് ശർമ, ന്യൂസീലൻഡ് ബാറ്റർമാർക്ക് ശ്വാസം വിടാൻ പോലും അവസരം നൽകാതെ വരിഞ്ഞുമുറുക്കി കറക്കിവീഴ്ത്തിയ സ്പിന്നർമാർ, ഒരറ്റത്തുനിന്ന് വിക്കറ്റുകൾ എത്ര വീണാലും ജയം കൊണ്ടേ മടക്കമുള്ളുവെന്നരീതിയിൽ ക്രീസിലുറച്ചുനിൽക്കുന്ന മധ്യനിരയുടെ നിശ്ചദാർഢ്യം… തോൽവിയറിയാതെയുള്ള ജൈത്ര യാത്രക്കൊടുവിൽ ചാമ്പ്യൻസ് ട്രോഫി കിരീടം പൊക്കി ടീം ഇന്ത്യ.
വർഷങ്ങൾ കാത്തുകാത്തിരുന്നു നേടിയെടുത്ത ട്വന്റി20 ലോകകിരീടത്തിനു ശേഷം ചാംപ്യൻസ് ട്രോഫി കിരീടത്തിനായി ഇന്ത്യൻ താരങ്ങളും ആരാധകരും അതിയായി ആഗ്രഹിച്ചപ്പോൾ, ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഒരു വ്യാഴവട്ടക്കാലത്തിന്റെ കാത്തിരിപ്പിനു ശേഷം ചാംപ്യൻസ് ട്രോഫിയിൽ നീലപ്പടയുടെ മുത്തം. ഇടയ്ക്ക് കുറച്ച് ആശങ്കയുടെ നിമിഷങ്ങളുണ്ടായെങ്കിലും, വിജയവഴിയിൽനിന്ന് ഒരു ഘട്ടത്തിലും തെന്നിമാറാതെ മുന്നേറിയ ഇന്ത്യ നാലു വിക്കറ്റിനാണ് ന്യൂസീലൻഡിനെ തകർത്തത്.
മൂന്ന് ‘ലൈഫ്’ കൊടുത്തു, ഇനിയൊന്നു കൂടെ കൊടുക്കാതെ രചിൻ രവീന്ദ്ര മടക്കി കുൽദീപ്
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 251 റൺസ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറു പന്തും നാലു വിക്കറ്റും ബാക്കിയാക്കി വിജയം കൈപ്പിടിയിലൊതുക്കി. തകർപ്പൻ അർധസെഞ്ചറിയുമായി മുന്നിൽനിന്ന് നയിച്ച ക്യാപ്റ്റൻ രോഹിത് ശർമയുടെ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് തുണയായത്. രോഹിത് 83 പന്തിൽ ഏഴു ഫോറും മൂന്നു സിക്സും സഹിതം 76 റൺസെടുത്തു. ഓപ്പണിങ് വിക്കറ്റിൽ ശുഭ്മൻ ഗില്ലിനൊപ്പം രോഹിത് പടുത്തുയർത്തിയ സെഞ്ചറി കൂട്ടുകെട്ടും ഇന്ത്യൻ വിജയത്തിൽ നിർണായകമായി. അതോടൊപ്പം 48 റൺസുമായി ശ്രേയസ് അയ്യരും 34 റൺസെടുത്ത കെഎൽ രാഹുലും രോഹിത്തിന് പിൻതുണയേകി. 49-ാം ഓവറിലെ അവസാന പന്തിൽ ഒരു ഫോറോടെ ഇത്തവണയും രവീന്ദ്ര ജഡേജ ഫിനീഷറുടെ റോൾ ഏറ്റെടുത്തപ്പോൾ മറുഭാഗത്ത് കെഎൽ രാഹുലും കട്ടയ്ക്ക് നിന്നു.
ഇന്ത്യൻ നിരയിൽ രോഹിത് ശർമ (83 പന്തിൽ 76), ശ്രേയസ് അയ്യർ (62 പന്തിൽ 48), ശുഭ്മൻ ഗിൽ (50 പന്തിൽ 31), അക്ഷർ പട്ടേൽ (40 പന്തിൽ 29), വിരാട് കോലി (ഒന്ന്), ഹാർദിക് പാണ്ഡ്യ (18 പന്തിൽ 18) എന്നിവരാണു പുറത്തായത്. ഓപ്പണിങ് വിക്കറ്റിൽ ഇന്ത്യ സെഞ്ചറി കൂട്ടുകെട്ടുമായി മുന്നേറവേ, സ്കോർ 105 ൽ നിൽക്കെ ശുഭ്മൻ ഗില്ലിനെ മിച്ചൽ സാന്റ്നറുടെ പന്തിൽ ഗ്ലെൻ ഫിലിപ്സ് വീണ്ടുമൊരു മോനോഹര ക്യാച്ചിലൂടെ പുറത്താക്കിയത് നിർണായകമായി.
സെഞ്ചുറിയിലെത്തുമെന്നു പ്രതീക്ഷിച്ചിരുന്ന രോഹിത് ശർമ, ഇടയ്‌ക്ക് റൺനിരക്കിലുണ്ടായ വർധനവിന്റെ സമ്മർദ്ദത്തിൽ അനാവശ്യ ഷോട്ടിനു പോയാണ് വിക്കറ്റു കളഞ്ഞത്. 27–ാം ഓവറിൽ രചിൻ രവീന്ദ്രയെ സ്റ്റെപ് ഔട്ട് ചെയ്ത് ബൗണ്ടറി കടത്താൻ ശ്രമിച്ച രോഹിത്തിനു പിഴച്ചു. പന്തു പിടിച്ചെടുത്ത കിവീസ് വിക്കറ്റ് കീപ്പർ ടോം ലാതം സ്റ്റംപ് ചെയ്തു പുറത്താക്കി.
പിന്നീട് മധ്യനിരയിൽ അക്ഷർ പട്ടേലും ശ്രേയസും അയ്യരും ചേർന്ന് നടത്തിയ രക്ഷാ പ്രവർത്തനം ഇന്ത്യയ്ക്കു തുണയായി. 71 പന്തുകൾ നേരിട്ട് 65 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. 48 റൺസെടുത്ത ശ്രേയസ് അയ്യരെ രചിൻ രവീന്ദ്ര തകർപ്പനൊരു ക്യാച്ചിലൂടെയാണു പുറത്താക്കിയത്. 40.5 ഓവറുകളിലാണ് ഇന്ത്യ 200 കടന്നത്. സ്പിന്നർ മിച്ചൽ ബ്രേസ്‍വെല്ലിനെ സിക്സർ പറത്താനുള്ള അക്ഷർ പട്ടേലിന്റെ ശ്രമം വിൽ ഒറൂക്കിന്റെ ക്യാച്ചായി അവസാനിച്ചതോടെ ഇന്ത്യ വീണ്ടും പതറി.
ഹാർദിക് പാണ്ഡ്യ തകർപ്പൻ സിക്സറും ഫോറും സഹിതം ആത്മവിശ്വാസം പകർന്നെങ്കിലും, സ്കോർ 241ൽ നിൽക്കെ അനാവശ്യ ഷോട്ടിനു ശ്രമിച്ച് പുറത്തായി. കൈൽ ജെയ്മിസന്റെ പന്തിൽ ബൗണ്ടറിക്കു ശ്രമിച്ച പാണ്ഡ്യ, ജെയ്മിസനു തന്നെ ക്യാച്ച് സമ്മാനിച്ചാണ് പുറത്തായത്. പിന്നീട് ജഡേജയും രാഹുലും ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.
ദേ വീണ്ടും… ഒരേ വിഴവ് വീണ്ടും ആവർത്തിച്ച് കുൽദീപ്- കണക്കിനു ശകാരിച്ച് രോഹിത്
രോഹിത്തിന്റെ കളി ഒരുപക്ഷെ സുനിൽ ഗവാസ്കറിനും ഷമ മുഹമദിനുമുള്ള ഒരു മറുപടി കൂടിയായിരുന്നു. എന്നുമിങ്ങനെ 25-30 അടിച്ചാൽ മതിയോ, അതുകൊണ്ട് രോഹിത്തിന് സന്തോഷിക്കാൻ കഴിയുമോയെന്നായിരുന്നു കഴിഞ്ഞ ദിവസം ഗവാസ്കറിന്റെ ചോദ്യം. അതേസമയം കോൺഗ്രസ് നേതാവും രോഹിത്തിന്റെ ഫിറ്റ്നസിനെക്കുറിച്ച് പറഞ്ഞ് വിവാദത്തിലായിരുന്നു.