മലപ്പുറം: താനൂരിൽനിന്ന് കാണാതായ രണ്ട് പ്ലസ് വൺ വിദ്യാർഥിനികളെ മുംബൈയിൽനിന്ന് ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും. ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് ആണ് ഇക്കാര്യം അറിയിച്ചത്. താനൂരിൽനിന്നുള്ള പോലീസ് സംഘം പെൺകുട്ടികളെയും കൂട്ടി ഇന്നലെ വൈകീട്ട് ആറോടെ ഗരീബ്‌രഥ് എക്സ്പ്രസിൽ പൻവേലിൽനിന്ന് യാത്രതിരിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12ന് തിരൂരിൽ എത്തും. കോടതിയിൽ ഹാജരാക്കിയശേഷം കുട്ടികളുടെ വിശദമായ മൊഴിയെടുക്കും. കൗൺസലിങ്ങും നൽകും. യാത്രയോടുള്ള താത്പര്യം കൊണ്ടു പോയതാണെന്നാണ് അറിയാൻ കഴിഞ്ഞതെന്നും കൂടുതൽ വിവരങ്ങൾ കുട്ടികളിൽനിന്ന് നേരിട്ടു ചോദിച്ചറിയേണ്ടതുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
പെൺകുട്ടികളോടൊപ്പമുണ്ടായിരുന്ന എടവണ്ണ സ്വദേശിയായ യുവാവിനെയും നാട്ടിലെത്തിച്ച് മൊഴിയെടുക്കും. ഒപ്പം പോയ ഇയാൾ യാത്രയ്ക്ക് സഹായം നൽകിയതായാണ് കരുതുന്നത്. ഇയാളെ പെൺകുട്ടികൾ എങ്ങനെ പരിചയപ്പെട്ടെന്നത് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്. പെൺകുട്ടികളുടെ മൊബൈൽ ഫോണിന്‍റെ ടവർ ലൊക്കേഷൻ കണ്ടെത്താനായത് അന്വേഷണത്തിൽ നിർണായകമായി. മുംബൈ പോലീസും ആർപിഎഫും മുംബൈ മലയാളി സമാജവും അന്വേഷണത്തിൽ സഹായിച്ചെന്ന് ആർ.വിശ്വനാഥ് പറഞ്ഞു.