ദുബായ്: ഇന്ന് ഒരു കൈപ്പടാകലെ വച്ച് കോലിക്ക് സെഞ്ചുറിയും ശ്രേയസ് അയ്യർക്ക് അർധ സെഞ്ചുറിയും നഷ്ടമായെങ്കിലും അവർ തുടങ്ങിവച്ച വെടിക്കെട്ട് മനോഹരമായി പൂർത്തിയാക്കി കെഎൽ രാഹുലും ഹാർദിക് പാണ്ഡ്യയും. സെഞ്ചുറിയിലേക്കുള്ള കുതിപ്പിനിടെ വെറും16 റൺസ് അകലെ വിരാട് കോലി, അർധസെഞ്ചറിക്ക് അഞ്ച് റൺസ് അകലെ വീണുപോയ ശ്രേയസ് അയ്യർ, സെഞ്ചറിയുടെ വക്കോളമെത്തിയ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട്, അർധസെഞ്ചറിയുടെ വക്കിലെത്തിയ നാല്, അഞ്ച് വിക്കറ്റുകളിലെ കൂട്ടുകെട്ടുകൾ…അങ്ങനെ ‘വക്കോള’മെത്തി പലതും കൈവിട്ടുപോയെങ്കിലും ലോകകപ്പിലേറ്റ പരാജയത്തിന് ഇന്ത്യ അടുത്ത മുഖാഭിമുഖ ദർശനത്തിൽ തന്നെ പണി കൊടുത്തു.
അതോടെ ചാംപ്യൻസ് ട്രോഫി ഫൈനലെന്ന നാഴികക്കല്ലിലേക്കുള്ള അപരാജിത പ്രയാണത്തിൽനിന്ന് ഇന്ത്യയെ തടയാൻ ഓസ്ട്രേലിയയ്ക്കും കഴിഞ്ഞില്ല. ഫലമോ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പൊരുതിനേടിയ തുടർച്ചയായ നാലാം വിജയത്തോടെ രോഹിത് ശർമയും സംഘവും ചാംപ്യൻസ് ട്രോഫി ഫൈനലിൽ.
ആവേശകരമായ മത്സരത്തിൽ നാലു വിക്കറ്റിനാണ് ഇന്ത്യ ഓസ്ട്രേലിയയെ മറികടന്നത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 49.3 ഓവറിൽ 264 റൺസിന് പുറത്തായപ്പോൾ, മറുപടി ബാറ്റിങ്ങിൽ 11 പന്തും നാലു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയം കൈപ്പിടിയിലൊതുക്കി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ, ദക്ഷിണാഫ്രിക്ക– ന്യൂസീലൻഡ് രണ്ടാം സെമിഫൈനൽ വിജയികളാകും ഇന്ത്യയുടെ എതിരാളികൾ.
ലോകകപ്പും ചാംപ്യൻസ് ട്രോഫിയും ഉൾപ്പെടെയുള്ള ഐസിസി ഏകദിന ടൂർണമെന്റുകളുടെ നോക്കൗട്ടിൽ, ഓസീസിനെതിരെ ഏതൊരു ടീമും പിന്തുടർന്നു ജയിക്കുന്ന ഉയർന്ന സ്കോറെന്ന സ്വന്തം റെക്കോർഡ് ഇതോടെ ഇന്ത്യ ഒന്നുകൂടി പുതുക്കി. 2011ലെ ഏകദിന ലോകകപ്പ് ക്വാർട്ടറിൽ ഇന്ത്യ 261 റൺസ് പിന്തുടർന്നു ജയിച്ചതാണ് ഓസീസിനെതിരെ നോക്കൗട്ടുകളിലെ ഉയർന്ന റൺ ചേസ്. ഇത്തവണ അത് 265 റൺസാക്കി ഉയർത്തിയാണ് ഇന്ത്യ ചാംപ്യൻസ് ട്രോഫി ഫൈനലിലേക്ക് അടിച്ചുകയറിയത്.
വിരാട് കോലിയുടെ ചുമലിലേറിയാണ് ഇത്തവണയും ഇന്ത്യയുടെ വിജയക്കുതിപ്പ്. 98 പന്തിൽ അഞ്ച് ഫോറുകളോടെ 84 റൺസെടുത്ത കോലി തന്നെയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ശ്രേയസ് അയ്യർ 62 പന്തിൽ മൂന്നു ഫോറുകൾ സഹിതം 45 റൺസെടുത്ത് പുറത്തായി. 43 റൺസിനിടെ ഓപ്പണർമാരെ ഇരുവരെയും നഷ്ടമാക്കി തകർച്ച മുന്നിൽക്കണ്ട ഇന്ത്യയെ, മൂന്നാം വിക്കറ്റിൽ കരുതലോടെ ബാറ്റു ചെയ്ത് 111 പന്തിൽ 91 റൺസ് കൂട്ടിച്ചേർത്താണ് ഇരുവരും രക്ഷപ്പെടുത്തിയത്.
കെ.എൽ. രാഹുൽ (34 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം പുറത്താകാതെ 42), ഹാർദിക് പാണ്ഡ്യ (24 പന്തിൽ മൂന്നു സിക്സും ഒരു ഫോറും സഹിതം 28) എന്നിവരുടെ അവസാന ഓവറുകളിലെ പ്രകടനവും നിർണായകമായി. രവീന്ദ്ര ജഡേജ ഒരു പന്തിൽ രണ്ടു റൺസുമായി രാഹുലിനൊപ്പം പുറത്താകാതെ നിന്നു. അവസാന നിമിഷങ്ങളിൽ പന്ത്– റൺസ് അനുപാതം ഒരേ നിലയിൽ തുടർന്നത് ചെറിയ തോതിൽ ടെൻഷൻ ഉയർത്തിയെങ്കിലും, ആദം സാംപ എറിഞ്ഞ 47–ാം ഓവറിൽ ഇരട്ട സിക്സറുമായി പാണ്ഡ്യ സമ്മർദ്ദമകറ്റി. ആറാം വിക്കറ്റിൽ പാണ്ഡ്യ–രാഹുൽ സഖ്യം 32 പന്തിൽ 34 റൺസ് കൂട്ടിച്ചേർത്തു. വിജയത്തിന് തൊട്ടരികെ പാണ്ഡ്യ പുറത്തായെങ്കിലും ജഡേജയെ സാക്ഷിനിർത്തി തകർപ്പൻ സിക്സറിലൂടെ രാഹുൽ തന്നെ വിജയറൺ കുറിച്ചു.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ 29 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 28 റൺസെടുത്തു. 30 പന്തിൽ ഓരോ ഫോറും സിക്സും സഹിതം 27 റൺസെടുത്ത അക്ഷർ പട്ടേലിന്റെ പ്രകടനവും നിർണായകമായി. ശുഭ്മൻ ഗിൽ 11 പന്തിൽ ഒരു ഫോർ സഹിതം എട്ടു റൺസെടുത്ത് പുറത്തായി. ഓസീസിനായി ആദം സാംപ 10 ഓവറിൽ 60 റൺസ് വഴങ്ങിയും നേഥൻ എല്ലിസ് 10 ഓവറിൽ 48 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ബെൻ ഡ്വാർഷിയൂസ്, കൂപ്പർ കോൺലി എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 49.3 ഓവറിൽ 264 റൺസെടുത്തു പുറത്തായിരുന്നു. അർധ സെഞ്ചറി നേടി തിളങ്ങിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും മധ്യനിര താരം അലക്സ് ക്യാരിയുമാണ് ഓസ്ട്രേലിയയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 96 പന്തിൽ 73 റൺസെടുത്തു പുറത്തായ സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. 56 പന്തുകൾ നേരിട്ട അലക്സ് ക്യാരി 60 റൺസെടുത്തും പുറത്തായി. ട്രാവിസ് ഹെഡ് (33 പന്തുകളിൽ 39), മാർനസ് ലബുഷെയ്ൻ (36 പന്തിൽ 29), ബെൻ ഡ്വാർഷ്യൂസ് (29 പന്തിൽ 19) എന്നിവരാണ് ഓസ്ട്രേലിയയുടെ മറ്റു പ്രധാന സ്കോറർമാർ.