പെയിന്റ് വ്യവസായത്തില്‍ ആധിപത്യം സ്ഥാപിച്ച ശേഷം മറ്റൊരു മേഖലയില്‍ കൂടി ആധിപത്യം സ്ഥാപിക്കാന്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ്. വയര്‍, കേബിള്‍ മേഖലയില്‍ രണ്ട് വര്‍ഷത്തിനുളളില്‍ 1,800 കോടി രൂപയുടെ നിക്ഷേപമാണ് ഗ്രൂപ്പ് നടത്തുക. ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ് നിര്‍മ്മാതാവായ ഗ്രൂപ്പിന്റെ മുന്‍നിര കമ്പനി അള്‍ട്രാടെക് സിമന്റ് ഗുജറാത്തിലെ ബറൂച്ചിന് സമീപമാണ് ഫാക്ടറി സ്ഥാപിക്കുന്നത്.
കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുള്ള ഗ്രൂപ്പിന്റെ വിശാലമായ തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കം. 2024 ലാണ് ഗ്രാസിം ഇന്‍ഡസ്ട്രീസ് ‘ബിര്‍ള ഓപ്പസ്’ ബ്രാന്‍ഡ് അവതരിപ്പിച്ചുകൊണ്ട് പെയിന്റ് വ്യവസായത്തില്‍ പ്രവേശിക്കുന്നത്. വ്യവസായത്തിന്റെ ശേഷി 40 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് 10,000 കോടി രൂപയുടെ നിക്ഷേപമാണ് ഗ്രൂപ്പ് നടത്തിയത്. ആദ്യ മൂന്ന് വര്‍ഷത്തിനുള്ളില്‍ 10,000 കോടി രൂപയുടെ വരുമാനമാണ് കമ്പനി ലക്ഷ്യമിടുന്നത്.
കേബിള്‍സ് ആന്‍ഡ് വയര്‍സ് വിഭാഗത്തിലേക്ക് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ സാമ്പത്തിക കരുത്തിന്റെ പിന്‍ബലത്തില്‍ അള്‍ട്രാടെക് സിമന്റ് പ്രവേശിക്കുന്നത് ഈ മേഖലയിലും വലിയ സ്വാധീനം ചെലുത്തും. നിലവില്‍ വിപണിയിലുളള പോളികാബ് ഇന്ത്യ, കെഇഐ ഇന്‍ഡസ്ട്രീസ്, ആര്‍ആര്‍ കാബല്‍ തുടങ്ങിയ മുന്‍നിര കമ്പനികള്‍ വലിയ സമ്മര്‍ദ്ദം നേരിടേണ്ടിവരും. അതേസമയം ഹോം വയറിംഗ് വിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് പോലുള്ള കമ്പനികള്‍ക്ക് പരിമിതമായ തിരിച്ചടിയാണ് ഉണ്ടാകാന്‍ സാധ്യതയുളളത്.