കോഴിക്കോട്: സഹപാഠികളുടെ വൈരാഗ്യത്തിനിരയായ മകൻ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂൽപ്പാലത്തിൽനിന്നും അത്ഭുതകരമായി തിരിച്ചു വരുമെന്ന പ്രതീക്ഷയായിരിക്കണം ആ കുടുംബത്തിന്. എന്നാൽ, എല്ലാം അസ്ഥാനത്താക്കി മരണം ഷഹബാസിനെ തട്ടിയെടുത്തതോടെ സങ്കടക്കടലിലാണ് വീടും ചുറ്റുപാടുകളും. മകൻ നഷ്ടമായതിൻറെ ആഘാതത്തിലും തീരാ ദുഃഖത്തിലും വിറങ്ങലിച്ച് നിൽക്കുകയാണ് ഷഹബാസിൻറെ മാതാപിതാക്കളും ഉറ്റ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും.
എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു ഷഹബാസ്. മോഡൽ പരീക്ഷയിൽ മികച്ച മാർക്ക് വാങ്ങി നാളെ എസ്എസ്എൽസി പരീക്ഷ എഴുതാൻ കാത്തിരിക്കുമ്പോഴാണ് ഷഹബാസിനെ മരണം തട്ടിയെടുക്കുന്നത്. കോരങ്ങാട് അങ്ങാടിയിൽ നിന്നും ചായയുടെ പലഹാരം വാങ്ങാൻ 80 രൂപ വൈകുന്നേരം പിതാവ് ഇഖ്ബാൽ ഷഹബാസിനെ ഏൽപ്പിച്ചിരുന്നു. അതിനിടയിലാണ് കൂട്ടുകാർ ഷഹബാസിനെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ട് പോകുന്നത്. പൊന്നുപോലെ വളർത്തി വലുതാക്കിയ മകൻ ഇനി ഈ വീട്ടിലേക്ക് തിരിച്ചു വരില്ല എന്ന യാഥാർത്ഥ്യം ഉമ്മ റംസീനയ്ക്കും ഉപ്പ ഇക്ബാലിനും ഉൾക്കൊള്ളാനായിട്ടില്ല.
പഠനത്തിനും മറ്റു പ്രവർത്തനങ്ങൾക്കും മിടുക്കനായിരുന്നു ഷഹബാസിനെ ഈ രീതിയിൽ മരണം തട്ടിയെടുത്തതിൻറെ നടുക്കത്തിലാണ് ബന്ധുക്കളും നാട്ടുകാരും ഒപ്പം സഹപാഠികളും. പലരും വിതുമ്പൽ അടക്കിയാണ് മടങ്ങിയത്. നേരത്തെ കുറച്ചു കാലം പ്രവാസിയായിരുന്ന ഇക്ബാൽ ഇപ്പോൾ കൂലിപ്പണിയും മറ്റുമൊക്കെയായിട്ടാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. മാതാപിതാക്കൾക്കും താഴെയുള്ള മൂന്നു അനുജന്മാർക്കും വലിയ പ്രതീക്ഷയായിരുന്നു ഷഹബാസ്.
ചുങ്കത്തെ തറവാട് വീടിനോട് ചേർന്ന് പുതിയ വീടിൻറെ പണി നടക്കുന്നതിനാൽ കോരങ്ങാടുള്ള വാടക വീട്ടിലായിരുന്നു കഴിഞ്ഞ ഒന്നര വർഷമായി കുടുംബം താമസം. ഇതിനുപിന്നിലുള്ള തറവാട്ട് വീട്ടിലേക്കാണ് ഷഹബാസിന്റെ മൃതദേഹം ആദ്യം എത്തിക്കുക. മദ്രാസയിലെ പൊതുദർശനത്തിനുശേഷം കിടവൂർ ജുമാമസ്ജിദിന്റെ ഖബർസ്ഥാനിൽ അന്ത്യവിശ്രമം. ഷഹബാസിൻറെ പോസ്റ്റ്‍മോർട്ടം നടപടികൾ പൂർത്തിയായി. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
ട്യൂഷൻ സെറ്ററിൽ പരിപാടിക്കിടെയുണ്ടായ ഒരു കൂക്കിവിളിയിൽ തുടങ്ങിയ കലിയാണ് ഒപ്പം നടന്ന വിദ്യാർഥിയുടെ ജീവനെടുക്കുന്നതിലേക്കുവരെ എത്തിയത്. മർദ്ദനത്തിൽ പരുക്കേറ്റ് കോമയിലായിരുന്ന വിദ്യാർഥി ഇന്നു അർദ്ധരാത്രി 12.30 ഓടുകൂടിയാണ് മരണപ്പെട്ടത്. സംഭവത്തിൽ 5 വിദ്യാർഥികൾക്കെതിരെ പോലീസ് കൊലക്കുറ്റത്തിനു കേസെടുത്തു.