കോഴിക്കോട്: മണാലിയിലേക്ക് വിനോദയാത്രക്ക് പോയ നബീസുമ്മയ്ക്കെതിരായ ഇബ്രാഹിം സഖാഫിയുടെ പ്രസ്താവനയെ ന്യായീകരിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. ഭർത്താവ് മരിച്ച സ്ത്രീകൾ വീട്ടിലിരിക്കണമെന്നായിരുന്നു ഇബ്രാഹിം സഖാഫിയുടെ പ്രസ്താവന. ഇതിനെ ന്യായീകരിച്ച്, സ്ത്രീകൾക്ക് യാത്ര പോകാൻ ഭർത്താവ് അല്ലെങ്കിൽ സഹോദരനോ കൂടെയുണ്ടാകുന്നത് ഉചിതം എന്നാണ് കാന്തപുരത്തിന്റെ പ്രതികരണം.
സ്ത്രീകൾ യാത്ര പോകുമ്പോൾ പുരുഷൻമാർ കൂടെയുണ്ടാകുന്നതാണ് പതിവ്. ഭർത്താവോ സഹോദരനോ കൂടെയുണ്ടാകുന്നതാണ് ഉചിതം. ഒട്ടുമിക്ക ആളുകളും വിശ്വസ്തരായ ആളുകൾക്കൊപ്പം വിടാനല്ലേ താൽപര്യപ്പെടുകയെന്നും കാന്തപുരം പറഞ്ഞു. ഇക്കഴിഞ്ഞ ഡിസംബർ 11നാണ് നബീസുമ്മ മകൾക്കൊപ്പം മണാലി കാണാൻ പോയത്.
തുടർന്നാണ് കാന്തപുരം വിഭാഗം നേതാവും മതപണ്ഡിതനുമായ ഇബ്രാഹിം സഖാഫി നഫീസുമ്മയുടെ യാത്രയെ അധിക്ഷേപിച്ച് രംഗത്തെത്തിയത്- “25 വർഷം മുമ്പ് ഭര്‍ത്താവ് മരിച്ച ഒരു വല്യുമ്മ ഏതെങ്കിലും മൂലയിലിരുന്ന് സ്വലാത്തും ദിഖ്‌റും ചൊല്ലുന്നതിനു പകരം ഏതോ ഒരു അന്യ സ്റ്റേറ്റിലേക്ക് മഞ്ഞിൽ കളിക്കാൻ പോയി. മഞ്ഞ് വാരിയിങ്ങനെ ഇടുകയാണ് മൂപ്പത്തി. ഇതാണ് പ്രശ്നം” എന്നായിരുന്നു പരാമർശം.
ഭര്‍ത്താവ് മരിച്ച സ്ത്രീക്ക് ലോകം കാണാന്‍ അവകാശമില്ലേ എന്നായിരുന്നു മകള്‍ ജിഫ്‌നയുടെ ചോദ്യം. ഉസ്താദിന്റെ വാക്കുകള്‍ ഉമ്മയ്ക്ക് ഏറെ പ്രയാസമുണ്ടാക്കിയെന്നും മകള്‍ പറയുന്നു. എന്തോ വലിയ തെറ്റ് ചെയ്ത പോലെ ഉമ്മ കരയുകയാണെന്നും യാത്ര പോയതിന്റെ സന്തോഷം മുഴുവന്‍ പോയെന്നും മകള്‍ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു.
Kanthapuram musliyar on ibrahim saqafi nabeesa issue
ibrahim saqafi Kanthapuram A. P. Aboobacker Musliyar kerala