കോഴിക്കോട്: കട്ടിപ്പാറയിൽ ആത്മഹത്യ ചെയ്ത അധ്യാപിക അലീന ബെന്നിയുടെ നിയമനം അംഗീകരിച്ചിരുന്നില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട്. നിയമന കാര്യത്തിൽ താമരശേരി രൂപതയുടെ കോർപറേറ്റ് മാനേജ്മെന്റിന് വീഴ്ച പറ്റിയെന്നും വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. റിപ്പോർട്ട് വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി. ആറുവർഷമായി ജോലി ചെയ്തിട്ടും സാലറി കിട്ടാത്തതിന്റെ വിഷമത്തിൽ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിലാണ് വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് ഡയറക്ടർക്കു നൽകിയത്.
കട്ടിപ്പാറ നസ്രത്ത് എൽപി സ്കൂളിലായിരുന്നു അലീനയ്ക്ക് ആദ്യം നിയമനം നൽകിയത്. എന്നാൽ ഈ തസ്തികയിലേക്ക് ആശ്രിത നിയമനത്തിന് അവകാശപ്പെട്ട മറ്റൊരാൾ വന്നതോടെ നിയമനം സ്ഥിരപ്പെടുത്താൻ സാധിക്കാതെ വന്നു. തുടർന്നാണ് കഴിഞ്ഞ വർഷം ജൂണിൽ കോടഞ്ചേരിയിലേക്ക് മാറ്റിയത്. എന്നാൽ കോടഞ്ചേരി സെന്റ ജോസഫ് എൽപി സ്കൂളിലെ നിയമനവും വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിരുന്നില്ല. ഭിന്നശേഷി സംവരണമാണ് ഇവിടെ നിയമനത്തിന് പ്രശ്നമായതെന്നാണ് വിവരം.
അധ്യാപിക ആത്മഹത്യ ചെയ്തതോടെ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് വീഴ്ചപറ്റി എന്നായിരുന്നു മാനേജ്‌മെന്റിന്റെ ആരോപണം. സ്ഥിരനിയമനത്തിനുള്ള അപേക്ഷ നൽകിയിരുന്നുവെന്നും എന്നാൽ വിദ്യാഭ്യാസ വകുപ്പ് കൃത്യമായി ഇടപെട്ടില്ല എന്നുമായിരുന്നു മാനേജ്‌മെന്റിന്റെ വാദം. എന്നാൽ മാനേജ്‌മെന്റിന്റെ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ജോലിയ്ക്കായി 13 ലക്ഷം രൂപ അലീനയുടെ പക്കൽ നിന്നും മാനേജ്മെന്റ് വാങ്ങിയതായി പിതാവ് ബെന്നി വെളിപ്പെടുത്തിയിരുന്നു.