പാലക്കാട്: പകുതി വിലയ്ക്ക് സ്‌കൂട്ടറും ഹോം അപ്ലൈൻസസും നൽകുന്ന തട്ടിപ്പിൽ പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരത്തിനും പങ്കുണ്ടെന്ന ഗുരുതര ആരോപണവുമായി സിപിഎം നേതാവ് പി സരിൻ. സരിൻ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎൽഎയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്. നജീബ് കാന്തപുരം എംഎൽഎ നടത്തുന്ന തട്ടിപ്പിന്റെ മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തുവരുന്നതെന്ന് സരിൻ ആരോപിച്ചു. ‘ദി ബിഗിനിങ് ഓഫ് സംതിങ് ബിഗ്ഗർ’ എന്ന തലക്കെട്ടോടെയാണ് ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
അനന്തു നടത്തിയ 1000 കോടി രൂപയുടെ തട്ടിപ്പിന് കൂട്ടുനിൽക്കുന്നത് ബിജെപി- കോൺഗ്രസ് ബന്ധമുള്ളവരാണെങ്കിൽ അതിനുനേരിട്ട് നേതൃത്വം കൊടുത്തയാളാണ് പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരമെന്നാണ് സരിൻ പറയുന്നു. നജീബിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷൻ, പകുതി വിലയ്ക്ക് ഇരുചക്രവാഹനം നൽകുന്നതിനായി നാഷണൽ എൻജിഒ കോൺഫെഡറേഷൻ എന്ന തട്ടിപ്പ് സംഘടന ഉണ്ടാക്കിയ അനന്തു കൃഷ്ണന്, ഗുണഭോക്താക്കളുടെ പട്ടിക നൽകിയതിലൂടെ എംഎൽഎ ആളുകളിൽ പണം തട്ടിക്കാനും, മുദ്ര ഫൗണ്ടേഷന്റെ പേരിൽ കോർപ്പറേറ്റുകളിൽ നിന്ന് ഫണ്ട് സ്വീകരിച്ച് കള്ളപ്പണം വെളുപ്പിക്കാനും ഉപയോഗിച്ചു എന്നാണ് പ്രധാന ആരോപണം.
താൻ ആരോപിച്ച തട്ടിപ്പിൽ നിന്ന് ഒഴിവാക്കാൻ സാധിക്കാത്ത വിധത്തിലുള്ള തെളിവുകൾ വരും ദിവസങ്ങളിൽ പുറത്തുകൊണ്ടുവരുമെന്നും സരിൻ മുന്നറിയിപ്പ് നൽകി. പറഞ്ഞുപറ്റിച്ച ആളുകൾക്ക് സ്വന്തം പോക്കറ്റിൽ നിന്നോ, ഫൗണ്ടേഷന്റെ പണത്തിൽ നിന്നോ, മുസ്‌ലീം ലീഗിന്റെ ഫണ്ടിൽ നിന്നോ പണം തിരികെ നൽകി രക്ഷപ്പെടാമെന്നു കരുതേണ്ടന്നും സരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. എഎൻ രാധാകൃഷ്ണൻ തന്റെ ഫൗണ്ടേഷൻ വഴി നടത്തിയ തട്ടിപ്പ് തന്നെയാണ് നജീബ് കാന്തപുരവും നടത്തിയിരിക്കുന്നതെന്നും സരിൻ കുറ്റപ്പെടുത്തുന്നു.
പി സരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
നജീബ് കാന്തപുരം നടത്തുന്ന തട്ടിപ്പ് മഞ്ഞു മലയുടെ അറ്റം മാത്രമാണ് പുറത്തു വരുന്നത്!
സംസ്ഥാനത്തൊട്ടാകെ ചർച്ചയായിരിക്കുന്ന 1000 കോടി രൂപയുടെ തട്ടിപ്പിന് കൂട്ട് നിൽക്കുന്നത് ബിജെപി – കോൺഗ്രസ് ബന്ധമുള്ളവർ ആണെങ്കിൽ, അതിന് നേരിട്ട് നേതൃത്വം കൊടുത്ത ഒരാൾ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ എംഎൽഎ മുസ്ലിം ലീഗിന്റെ ശ്രീ നജീബ് കാന്തപുരം ആണ് എന്നതിന് തെളിവുകൾ പുറത്തു വരികയാണ്.
നജീബിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷൻ കള്ളപ്പണം വെളുപ്പിച്ച് എടുക്കാൻ ഉള്ള ഒരു വഴി മാത്രമല്ല എന്നുവേണം മനസ്സിലാക്കാൻ.
പകുതി വിലയ്ക്ക് ഇരുചക്രവാഹനം നൽകുന്നതിനായി നാഷണൽ എൻജിഒ കോൺഫെഡറേഷൻ എന്ന തട്ടിപ്പ് സംഘടന ഉണ്ടാക്കിയ അനന്തു കൃഷ്ണന്, എംഎൽഎ തന്റെ ഫൗണ്ടേഷനിലൂടെ കണ്ടെത്തി നൽകിയ ഗുണഭോക്താക്കളുടെ ലിസ്റ്റ് നീണ്ടതാണ്. അത് വഴി എം.എൽ.എ, ഒരേ സമയം ആളുകളിൽ നിന്ന് പണം തട്ടിക്കാനും, അതിനോടൊപ്പം തന്നെ മുദ്ര ഫൗണ്ടേഷന്റെ പേരിൽ കോർപ്പറേറ്റുകളിൽ നിന്ന് ഭീമമായ ഫണ്ടുകൾ സ്വീകരിച്ച് കള്ളപ്പണം വെളുപ്പിക്കാനും ഉപയോഗിച്ചിട്ടുണ്ട്.
എംഎൽഎക്ക് ഈ തട്ടിപ്പിൽ നിന്ന് കൈകഴുകാൻ പറ്റാത്തവിധം വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്തുകൊണ്ടു വരിക തന്നെ ചെയ്യും. പറഞ്ഞു പറ്റിച്ച ആളുകൾക്ക് MLA തന്റെ സ്വന്തം പോക്കറ്റിൽ നിന്നോ, ഫൗണ്ടേഷന്റെ പേരിൽ നടക്കുന്ന വെട്ടിപ്പ് പണത്തിൽ നിന്നോ, ഇനി മുസ്ലിം ലീഗിന്റെ പാർട്ടി ഫണ്ടിൽ നിന്ന് തന്നെയോ തുക മടക്കി നൽകും എന്ന അവകാശവാദം ഉന്നയിച്ച് രക്ഷപ്പെടാം എന്ന് കരുതണ്ട.
തട്ടിപ്പ് പരിപാടിക്ക് പോയി ഉദ്ഘാടകൻ ആയതോ, പോസ്റ്ററിൽ ഫോട്ടോ വന്നതോ അല്ല എംഎൽഎ ചെയ്ത ഗുരുതരമായ കുറ്റം. താൻ നേരിട്ട് നടത്തുന്ന ചാരിറ്റബിൾ ഫൗണ്ടേഷൻ ഈ തട്ടിപ്പിന് ആളെ ചേർക്കുന്ന വിധം ഗുണഭോക്താക്കളെ നേരിട്ട് തെരഞ്ഞെടുത്ത്, അവരിൽ നിന്ന് പണം കൈപ്പറ്റിയതിന്റെ തെളിവുകൾ പുറത്ത് വരും. കോടികൾ വരും ഈ പിരിച്ചെടുത്തത്.
എ എൻ രാധാകൃഷ്ണൻ തന്റെ ഫൗണ്ടേഷൻ വഴി നടത്തിയ അതേ തട്ടിപ്പ് തന്നെയാണ് നജീബ് കാന്തപുരം എംഎൽഎയും നടത്തിയിരിക്കുന്നത്.
എംഎൽഎ പദവി ദുരുപയോഗം ചെയ്തതിന്റെ അടക്കം നിയമപരമായ എല്ലാ വശങ്ങളും അന്വേഷണത്തിന് വിധേയമാക്കണം. മുദ്ര ഫൗണ്ടേഷന്റെ പേരിൽ മറ്റു തട്ടിപ്പുകൾ നടന്നിട്ടുണ്ടോ എന്നും പരിശോധിക്കണം.
ലീഗിന്റെ അഭിവന്ദ്യനായ ഹൈദരാലി ശിഹാബ് തങ്ങളുടെ അടക്കം പേര് ദുരുപയോഗം ചെയ്തു തന്നെ ഈ തട്ടിപ്പിന് ആളെ കൂട്ടണമായിരുന്നോ?
മെച്ചപ്പെട്ട ഒരു ജീവിതം സ്വപ്നം കണ്ട തന്റെ നാട്ടുകാരെ ഇങ്ങനെ പറഞ്ഞു പറ്റിക്കണമായിരുന്നോ?